കൊവിഡ് രോഗിക്ക് രണ്ട് ദിവസത്തെ ഓക്‌സിജന് 45,000 രൂപ ബില്ലിട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ആണ് ഹൈക്കോടതി വിഷയത്തില്‍ സ്വമേധയാ ഇടപെട്ടത്. കേസിൽ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണവും തേടിയിരുന്നു. കൊവിഡ് ചികിത്സയ്ക്ക് വേണ്ടി വരുന്ന പിപിഇ കിറ്റുകള്‍ക്ക് 22,000 രൂപ വരെ ആശുപത്രികള്‍ ഈടാക്കുന്നതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി.
രോഗിക്ക് നൽകുന്ന കഞ്ഞിക്ക് 1300 രൂപ ഈടാക്കിയതായും കോടതി ചൂണ്ടിക്കാട്ടി. ഡോളോ ഗുളികയ്ക്ക് 30 മുതല്‍ 40 രൂപ വരെ കൊടുക്കേണ്ടി വന്നതായും ബില്ലുകള്‍ ഉയര്‍ത്തിക്കാട്ടി ഹൈക്കോടതി പറഞ്ഞതായി ഭാരത് ബെഞ്ച് ഡോട്ട് കോമാണ് റിപ്പോർട്ട് ചെയ്തത്. കൊവിഡ് അതിവേഗത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സാധാരണക്കാരായ പൗരന്മാരുടെ അവസ്ഥ മനസിലാക്കി വിഷയത്തിൽ ഇടപെടുമെന്നും ഹൈക്കോടതി പറഞ്ഞു.
”ആയിരം രൂപ വരുമാനമുളള ഒരു മനുഷ്യന്‍ രണ്ടും മൂന്നും ലക്ഷം രൂപ ആശുപത്രി ബില്ല് അടയ്‌ക്കേണ്ടി വരുന്ന സാഹചര്യം ഒന്ന് ആലോചിക്ക് നോക്കൂ. കേസുകൾ അതിവേഗത്തിൽ ഉയരുന്നതാണ് നാം കാണുന്നത്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ല, ആർക്കും ഇപ്പോൾ രോഗം പിടിപ്പെടാം എന്നതാണ് അവസ്ഥ. നിങ്ങൾ ആളുകളെ കൊള്ളയടിക്കുകയാണ്. ഇതിനെക്കുറിച്ച് ആലോചിച്ച് നോക്കൂ. ഇപ്പോൾ കോടതിയ്ക്ക് ഇടപെട്ടേ പറ്റൂ” ഹൈക്കോടതി പറഞ്ഞു.
Also Read :
അതേസമയം സ്വകാര്യ ആശുപത്രികളിൽ നിജപ്പെടുത്തി വിജ്ഞാപനം ഇറക്കിയതായി സർക്കാർ കോടതിയെ അറിയിച്ചു. ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ ഒരുദിവസം 2645 രൂപ വരെ മാത്രമേ ഈടാക്കാവൂ എന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. ഒരു ദിവസം ജനറൽ വാർഡിലെ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഇടാക്കാവൂവെന്നാണ് നിർദ്ദേശം.