ന്യൂഡൽഹി
ഡൽഹിയിലും ഉത്തർപ്രദേശിലും അടച്ചുപൂട്ടലിന് തുല്യമായ കർശനനിയന്ത്രണങ്ങൾ ഈ മാസം 17 വരെ നീട്ടി. ഡൽഹിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കേണ്ട സാഹചര്യമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. ജമ്മു കശ്മീരിൽ 20 ജില്ലയിൽ ഏർപ്പെടുത്തിയ കർഫ്യൂവും 17 വരെ നീട്ടി. ഛത്തീസ്ഗഢിൽ വിവാഹങ്ങൾക്കും സംസ്കാരചടങ്ങുകൾക്കും 10 പേർ മാത്രം പങ്കെടുത്താൽ മതിയെന്ന നിർദേശം പുറത്തിറക്കി. ഓക്സിജൻ ക്വോട്ട അടിയന്തരമായി വർധിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിങ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
പഞ്ചാബ്, കർണാടകം, ബിഹാർ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരെ ഫോണിൽ ബന്ധപ്പെട്ട് പ്രധാനമന്ത്രി കോവിഡ് സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നു. അലിഗഢ് സർവകലാശാലയിൽ 16 അധ്യാപകരും 18 വിരമിച്ച അധ്യാപകരും ചില ജീവനക്കാരും കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വൈസ്ചാൻസലർ താരിഖ് മൻസൂർ ഐസിഎംആറിന് കത്ത് നൽകി.
മൂന്നുമാസത്തിനിടെ 93 രാജ്യങ്ങളിലേക്ക് 6.5 കോടി വാക്സിൻ ഇന്ത്യ കയറ്റുമതി ചെയ്തതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ചൂണ്ടിക്കാണിച്ചു. ഈ വാക്സിനുകൾ രാജ്യത്തിന് നൽകിയിരുന്നെങ്കിൽ ഒരുലക്ഷത്തിലധികം മരണങ്ങൾ ഒഴിവാക്കാൻ പറ്റുമായിരുന്നെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.