ബീജിങ് / വാഷിങ്ടൺ > ബഹിരാകാശത്തുനിന്നും നിലംപതിക്കുന്ന ചെെനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ അപകടമുണ്ടാക്കില്ലെന്ന നിലപാടിൽ ഉറച്ച് ചെെന. റോക്കറ്റിന്റെ പ്രധാന ഭാഗമടങ്ങുന്ന 18 ടൺ ഭാരമുള്ള വസ്തുവാണ് വീഴുന്നത്. ഇത് കടലിലാണ് വീഴുകയെന്നും ചെെനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു.
ലോങ് മാർച്ച് 5ബി റോക്കറ്റ് അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിക്കുമ്പോൾ അതിന്റെ മിക്ക ഘടകങ്ങളും കത്തിപ്പോകും. ഇത് അപകട സാധ്യതയില്ലാതെയാക്കുമെന്നും ചെെന അറിയിച്ചു.
ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ നാലരയോടെ മധ്യേഷ്യയിലെ തുർക്ക്മെനിസ്ഥാനിൽ വീഴുമെന്നാണ് യുഎസ് വിദഗ്ധരുടെ അവകാശവാദം. എന്നാല് സമയത്തില് മാറ്റം സംഭവിക്കാം. നാശനഷ്ടങ്ങള്ക്ക് സാധ്യതയുണ്ടെന്നും ചൈന ലോങ്- മാർച്ച് 5 ബി ദൗത്യങ്ങൾ പുനർരൂപകൽപ്പന ചെയ്യണമെന്നും ഹാർവാർഡ് -സ്മിത്സോണിയൻ സെന്റർ ഫോർ ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞൻ ജോനാഥൻ മക്ഡൊവൽ പറഞ്ഞു.