ഞങ്ങളുടെ ലക്ഷ്യസ്ഥാനമായ ഉഹുരു കൊടുമുടിയിലേയ്ക്ക് ഇനി ഒറ്റ രാത്രിയുടെ നടപ്പ് കൂടി മാത്രം. അഞ്ചാം ദിവസം രാത്രി പതിനൊന്ന് മണിയോടെ യാത്ര തുടങ്ങാം എന്നാണ് ഇന്നസെന്റ് പറഞ്ഞിരിക്കുന്നത്. അതുവരെ കഴിയുന്നത്ര ഉറങ്ങണം എന്ന് ഇന്നസെന്റ് നിര്ദേശിച്ചെങ്കിലും സംഘത്തില് ആര്ക്കും തന്നെ അത് സാധിച്ചില്ല.
പകല് നടത്തവും രാത്രി കൂടാരത്തില് ഉറക്കവും എന്ന പതിവ് ഈ ദിവസം തെറ്റിക്കുകയാണ്. രാത്രിയാണ് നടത്തം തുടങ്ങുന്നത്. അതിന് രണ്ട് കാരണങ്ങള് ഉണ്ട്. ഒന്ന്, മുകളില്നിന്ന് സൂര്യോദയം കാണുക എന്ന ആഗ്രഹമാണ്.
രണ്ടാമത്തെ കാരണം സുരക്ഷയാണ്. ഉഹുരു കൊടുമുടിയും അതിന് ചുറ്റുമുള്ള സ്ഥലവും സ്ഥിരമായി മഞ്ഞ് ഉറഞ്ഞു കിടക്കുന്ന ഒരു മഞ്ഞുമലയാണ് (ഗ്ലേഷിയര്). ഞങ്ങള് കൊടുമുടി കയറ്റം തുടങ്ങുന്ന ബരഫു ക്യാംപില് നിന്ന് ഗ്ലേഷിയര് തുടങ്ങുന്ന ഇടം വരെയുള്ള പാത ഉരുളന്കല്ലുകള് നിറഞ്ഞതാണ്. രാത്രിയിലെ തണുപ്പത്ത് ഈ കല്ലുകള്ക്കിടയില് ഉറഞ്ഞുകൂടുന്ന മഞ്ഞ് ഈ കല്ലുകളെ സിമന്റ് പോലെ ഉറപ്പിച്ച് നിര്ത്തും. പകല് പലയിടത്തും കല്ലുകള്ക്കിടയിലെ മഞ്ഞ് ഉരുകും, അപ്പോള് അവയില് ചവിട്ടുന്ന ആളെയും കൊണ്ട് ആ കല്ലുകള് കുത്തനെ താഴേയ്ക്ക് ഉരുളാം.
സൂര്യോദയത്തിലോ അതിന് ഒന്നോ രണ്ടോ മണിക്കൂറിനകമോ കൊടുമുടിയില് എത്താന് പറ്റിയില്ലെങ്കില് ശ്രമം ഉപേക്ഷിച്ച് തിരിച്ചിറങ്ങണം. ഇല്ലെങ്കില് ഇരുട്ട് വീഴുന്നതിന് മുന്പ് സുരക്ഷിതമായി കൂടാരത്തില് തിരിച്ചെത്താന് പറ്റില്ല.
തണുപ്പത്തുള്ള ഈ രാത്രിയാത്ര ഞാന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. അതിനുള്ള വസ്ത്രങ്ങള് കൊണ്ടുവന്നിട്ടുണ്ട്. ഒരു ടി-ഷര്ട്ട്, അതിന് മേലെ ഒരു സ്വെറ്റര്, അതിനും മേലെ നാല് വിവിധയിനം ജാക്കറ്റുകള് എന്നിവ മേല്വസ്ത്രം. പാന്റിന് മുകളില് കമ്പിളികൊണ്ട് വേറൊരു പാന്റ്. അതിനും മീതെ വേറെ രണ്ട് പാന്റുകള്. അവസാനത്തേത് വെള്ളം കയറാത്ത വിധത്തിലുള്ളത്. ഇതിനൊക്കെ പുറമേ തലയും മുഖവും പൂര്ണമായി മൂടുന്ന ബാലക്ളാവ എന്ന മങ്കി ക്യാപ്പ്. കൈകള് സ്കീയിങ്ങിന് ഉപയോഗിക്കുന്ന തരം ഗ്ലവ്സ്. പിന്നെ, ഗ്ലേഷിയറില് നിന്ന് പ്രതിഫലിക്കുന്ന ശക്തമായ സൂര്യരശ്മികളെ പ്രതിരോധിക്കുന്ന കണ്ണടകള്. ഇതെല്ലാം അണിഞ്ഞപ്പോള് തന്നെ അങ്കത്തിന് കച്ചമുറുക്കുന്നതുപോലെയുള്ള ഒരു തോന്നല് ഉണ്ടായി.
ഇന്നലെ വരെ ഞങ്ങള്ക്ക് മുന്പേ സാധനങ്ങളുമായി ഓടിയിരുന്ന പോര്ട്ടര്മാരുടെ സംഘം ഇന്നില്ല. പോര്ട്ടര്മാരില് ഏറ്റവും അനുഭവ സമ്പത്തുള്ള നാലുപേര് ഇന്നസെന്റിന്റെ അസിസ്റ്റന്റ് ഗൈഡുകളായി ഞങ്ങള്ക്കൊപ്പം വരും. അതില് ഒരാള് സെയ്ദിയാണ്. മറ്റുള്ള പോര്ട്ടര്മാര് സാമഗ്രികളുമായി ഞങ്ങളുടെ മടങ്ങിവരവ് കാത്ത് ബരഫു ക്യാംപില് തന്നെ കഴിയും. അതായത്, ഞാന് കയ്യില് കരുതുന്നതിനപ്പുറം വെള്ളമോ ഭക്ഷണമോ എന്തെങ്കിലും വേണമെങ്കില് ഇനി കൊടുമുടി കയറി തിരിച്ചെത്തിക്കഴിഞ്ഞേ കിട്ടൂ.
രാത്രി കൃത്യം പതിനൊന്ന് മണിക്ക് നടപ്പ് തുടങ്ങി. ആദ്യം തന്നെ ഇന്നന്സെന്റ് ഞങ്ങളെ വിളിച്ച് കാര്യങ്ങള് വിശദീകരിച്ചു. ഏറ്റവും പ്രധാനം ‘പോലെ പോലെ’ ആണ്. പതുക്കെ പതുക്കെ വേണം ഓരോ ചുവടും വയ്ക്കാന്. രണ്ടാമത്തെ പ്രധാന കാര്യം ഒരിടത്തും നില്ക്കരുത് എന്നതാണ്. ഇതുവരെയുള്ള ദിവസങ്ങളില് നടന്ന് തളരുമ്പോള് പത്തോ പതിനഞ്ചോ മിനിറ്റ് വിശ്രമം ലഭിക്കുമായിരുന്നു. ഇന്നതില്ല. ഇന്ന് ഞങ്ങള് നടക്കുന്ന സ്ഥലത്തെ താപനില പൂജ്യത്തിന് താഴെ ഇരുപത് ഡിഗ്രി സെല്ഷ്യസ് ആണ്. നടക്കുമ്പോള് ശരീരം ചൂടാകും. നടത്തം നിര്ത്തിയാല് വീണ്ടും തണുപ്പ് അനുഭവപ്പെട്ട് തുടങ്ങും. അതുകൊണ്ട് ‘പോലെ പോലെ’ (പതുക്കെ പതുക്കെ) ചുവടുകള് വച്ചുകൊണ്ടേ ഇരിക്കണം.
തലയില് പിടിപ്പിച്ച ബാറ്ററി വിളക്കിന്റെ വെളിച്ചത്തില് ഞങ്ങള് പോലെ പോലെ ചുവടുകള് വച്ചുകൊണ്ടേ ഇരുന്നു. മുന്നില് നില്ക്കുന്ന ആള് ഏത് കല്ലില് ചവിട്ടിയോ അതേ കല്ലില് പുറകെ വരുന്ന ആളും ചവിട്ടണം. ഏതൊക്കെ കല്ലുകളാണ് ഇളക്കവും തെന്നലും ഇല്ലാത്തത് എന്ന് ഇന്നസെന്റിന് സുപരിചിതമാണ്.
കിളിമഞ്ചാരോ ഒരു അഗ്നിപര്വതമാണെന്ന് പറഞ്ഞിരുന്നല്ലോ. അത് അവസാനമായി വലിയ തോതില് പൊട്ടിത്തെറിച്ചത് മൂന്നര ലക്ഷം വര്ഷം മുന്പാണ്. പല കാലങ്ങളിലെ സ്ഫോടനങ്ങളിലൂടെ രൂപപ്പെട്ട മൂന്ന് ഗര്ത്തങ്ങള് കിളിമഞ്ചാരോയുടെ മുകളില് ഉണ്ട്. ഒരു വലിയ വലയം, അതിനുള്ളില് രണ്ടാമതൊരു വലയം, അതിന്റെയും ഉള്ളില് മൂന്നാമതൊരു ചെറിയ വലയം എന്ന രീതിയിലാണ് ഈ ഗര്ത്തങ്ങള് രൂപംകൊണ്ടിട്ടുള്ളത്. ഈ ഗര്ത്തങ്ങള് സന്ദര്ശിക്കാനായി മാത്രം മല കയറുന്നവരുണ്ട്. അവരില് പലരും പറയുന്നത് ഏറ്റവും ചെറിയ ഗര്ത്തത്തില്നിന്ന് ഇപ്പോഴും ഗന്ധകത്തിന്റെ (സള്ഫര്) മണം ഉണ്ടെന്നാണ്.
ഈ ഗര്ത്തങ്ങള് ഞങ്ങളുടെ പാതയില്നിന്ന് കാണാന് കഴിയില്ല. എന്നാല് ഇവയില് ഏറ്റവും വലിയ വലയത്തിന്റെ അരികിലൂടെയാണ് ഞങ്ങളുടെ പാത കടന്ന് പോകുന്നത്. ആ ഭാഗത്തിന് പറയുന്നത് ‘ക്രേറ്റര് റിം’ എന്നാണ്. ഈ ക്രേറ്റര് റിമ്മിലെ ഒരു സ്ഥലമാണ് ‘സ്റ്റെല്ലാ പോയിന്റ്’.
കിളിമഞ്ചാരോയുടെ മൂന്ന് കൊടുമുടികളില് ഒന്നായാണ് സ്റ്റെല്ലാ പോയിന്റിനെ കണക്കാക്കുന്നത്. സമുദ്രനിരപ്പില്നിന്ന് 5756 മീറ്റര് ഉയരത്തിലാണ് സ്റ്റെല്ലാ പോയിന്റ്. സൂര്യോദയത്തിന് മുന്പ് ഉഹുരു കൊടുമുടി കയറാന് കഴിയാത്തവര് സ്റ്റെല്ല പോയിന്റില് നിന്നാണ് സൂര്യോദയം കാണുന്നത്. ഞങ്ങളും സ്റ്റെല്ലാ പോയിന്റില് നിന്നായിരിക്കും സൂര്യോദയം കാണുന്നത് എന്നാണ് ഇന്നസെന്റ് പറഞ്ഞത്.
നടപ്പ് ‘പോലെ പോലെ’ ആയിരുന്നെങ്കിലും വളരെ ദുര്ഘടമായിരുന്നു. ഓക്സിജന് കുറഞ്ഞ അന്തരീക്ഷത്തില് ഓരോ ചുവടും വലിയ ഒരു ശ്രമം തന്നെയായിരുന്നു. ഒന്ന് നന്നായി ശ്വസിക്കാനുള്ള കൊതികൊണ്ട് ഇടയ്ക്ക് മുഖത്തെ ബാലക്ലാവയില് നിന്ന് മൂക്കിനെ സ്വതന്ത്രമാക്കും. പത്ത് സെക്കന്റിനകം കൊടിയ തണുപ്പിന്റെ പൊള്ളല് മൂക്കിന് തുമ്പത്ത് ഏറ്റുതുടങ്ങുമ്പോള് ആ മണ്ടത്തരം തിരുത്തും. വെളുപ്പിന് നാല് മണിയോടെ കാല്ച്ചുവട്ടില് മഞ്ഞും കല്ലും ചേര്ന്ന പാത മാറി മഞ്ഞ് മാത്രമായി. ആദ്യം പൊടിമഞ്ഞ്. പിന്നെ, സ്റ്റെല്ലാ പോയിന്റിന് അടുത്ത് എത്തിയപ്പോഴേയ്ക്ക് കട്ടിയായ, വഴുക്കലുള്ള ഐസ്. ഹെമിംഗ്വേയുടെ പ്രശസ്തമായ കഥ, ‘സ്നോസ് ഓഫ് കിളിമഞ്ചാരോ’ ആണ് ഓര്മ വന്നത്.
ഇടയ്ക്ക് അതി ശക്തമായ കാറ്റടിച്ചുതുടങ്ങി. ഐസിന്റെ വഴുക്കലും എന്നെ പറപ്പിക്കാന് പാകത്തിനുള്ള കാറ്റുംകൂടിയായപ്പോള് ഇനി ഒരു ചുവട് വയ്ക്കാന് പറ്റില്ല എന്ന സ്ഥിതിയായി.
എന്റെ അവസ്ഥ കണ്ട സെയ്ദി വന്ന് എന്റെ കൈ പിടിച്ചു. എന്നിട്ട് നേരെ കൈ ചൂണ്ടി പറഞ്ഞു, ‘ദാ, അതാണ് സ്റ്റെല്ലാ പോയിന്റ്. ടെന് മോര് സ്റ്റെപ്സ്’.
സെയ്ദി കള്ളം പറയുകയാണെന്ന് എനിക്ക് അറിയാമായിരുന്നു. എങ്കിലും ഞാനാ കള്ളം എന്നോട് തന്നെ ആവര്ത്തിച്ചു. ‘ഒണ്ലി ടെന് മോര് സ്റ്റെപ്സ്’.
അങ്ങനെ പത്ത് ചുവട് വീതം വച്ച് വച്ച്, ഇടയ്ക്ക് സെയ്ദിയുടെ ചുമലില് താങ്ങി, സ്റ്റെല്ലാ പോയിന്റില് എത്തിയപ്പോള് സൂര്യോദയത്തിന് ഇനിയും ഒരു മണിക്കൂറോളം ഉണ്ട്. സ്റ്റെല്ലാ പോയിന്റില് എത്തിയതിന് യാത്രികരെ അഭിനന്ദിക്കുന്ന ഒരു ബോര്ഡ് ഉണ്ട്. അതിന് താഴെ നിന്ന് ഒരു ഫോട്ടോ എടുക്കാന് ഒരു ശ്രമം നടത്തി. ഫോണ് പോക്കറ്റില് നിന്ന് എടുത്തതേ അത് ഓഫായിപ്പോയി. കൊടും തണുപ്പില് ബാറ്ററി പണി തരും എന്ന് അറിയാമായിരുന്നു. സാരമില്ല, കയ്യില് ക്യാമറയും അതിന് ഫുള് ചാര്ജുള്ള, കമ്പിളി സോക്സില് പൊതിഞ്ഞ് സൂക്ഷിച്ചിരിക്കുന്ന മൂന്ന് ബാറ്ററിയും ഉണ്ട്. ഉഹുരു കൊടുമുടിയില് ചെന്നിട്ട് അതുപയോഗിച്ച് പടമെടുക്കാം.
സ്റ്റെല്ലാ പോയിന്റിലെ ചെറിയ വിശ്രമത്തില് അല്പം വെള്ളം കുടിക്കാന് ശ്രമിച്ചു. പുറത്തെ ബാഗിനുള്ളില് ഒരു പ്ലാസ്റ്റിക്ക് സഞ്ചിയില് വെള്ളമുണ്ട്. നടപ്പിനിടെ അത് വലിച്ച് കുടിക്കാന് ഒരു ട്യൂബുമുണ്ട്. പക്ഷേ, വലിച്ചിട്ടും വലിച്ചിട്ടും വെള്ളം കിട്ടുന്നില്ല. ബാഗ് അഴിച്ച് പരിശോധിച്ചപ്പോഴാണ് കാര്യം മനസിലായത്, കയ്യിലുള്ള വെള്ളം ഉറഞ്ഞ് ഐസ് ആയി മാറിയിരിക്കുന്നു. തണുപ്പത്ത് വെള്ളം ഉറയാതിരിക്കാനുള്ള പ്രത്യേക സഞ്ചി ഒക്കെ വാങ്ങിയിരുന്നെങ്കിലും ഈ മൈനസ് ഇരുപത് തണുപ്പില് അതൊക്കെ നിഷ്പ്രഭമായി. ഇനി വെള്ളം കിട്ടണമെങ്കില് മണിക്കൂറുകള്ക്കപ്പുറം ബരഫു ക്യാംപില് തിരിച്ചെത്തണം!
സ്റ്റെല്ലാ പോയിന്റില് നിന്ന് ഉഹുരു കൊടുമുടിയിലേക്കുള്ള നടപ്പ് എളുപ്പമാണെന്നാണ് വയ്പ്പ്. 5756 മീറ്ററില് നിന്ന് 5895 മീറ്ററിലേയ്ക്ക് ഒരു ചെറിയ കയറ്റം. പക്ഷേ, ഐസിന്റെ വഴുക്കലും കാറ്റും, അതുവരെയുള്ള നടപ്പിന്റെ ക്ഷീണവും ഒക്കെ ചേര്ന്ന് ആ നടപ്പ് എനിക്ക് വളരെ ക്ലേശകരമായി തോന്നി.
സ്റ്റെല്ലാ പോയിന്റിന് അല്പം മുന്പ് എവിടെയോ ഞങ്ങളുടെ സംഘം ചെറു സംഘങ്ങളായി പിരിഞ്ഞിരുന്നു. സ്റ്റെല്ലാ പോയിന്റില് നിന്ന് ഉഹുരു കൊടുമുടിയിലേക്കുള്ള നടത്തത്തില് ഞാനും സെയ്ദിയും മാത്രമായിരുന്നു ഒരു ചെറു സംഘം.
വെളുപ്പിന് ഏതോ സമയത്ത് അകലെ ഒരു ബോര്ഡ് കണ്ടു. ഉഹുരു കൊടുമുടിയെ അടയാളപ്പെടുത്തുന്ന പ്രശസ്തമായ ബോര്ഡ്. അതിലേയ്ക്ക് ഒരു പത്ത് ചുവട് (ശരിക്കും) ബാക്കി നില്ക്കെ സെയ്ദി ഒരു വശത്തേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു, ‘ലുക്ക്’.
സെയ്ദി ചൂണ്ടിയ ദിശയിലേക്ക് നോക്കിയ ഞാന് കണ്ട ദൃശ്യം പറഞ്ഞറിയിക്കാന് പറ്റുന്നതല്ല. നോക്കെത്തുന്നിടത്തോളം ദൂരം വെള്ള മഞ്ഞിന്റെ ഒരു കടല്. ദൂരെ ഇടയ്ക്ക് പൊങ്ങി നില്ക്കുന്ന വലിയ മഞ്ഞുപാളികള്. ആ മഞ്ഞുപാളികള്ക്ക് പച്ചയ്ക്കും നീലയ്ക്കും ഇടയില് ഒരു നിറം. അവയില് ഓരോ മഞ്ഞുപാളിയുടെയും ഓരോ ഭാഗത്ത് ഓരോ നിറമാണ്. അതിമനോഹരമായ പാറ്റേണുകള്. ഈ മഞ്ഞുപാളികള്ക്കപ്പുറത്ത് സൂര്യന് ഉദിക്കുന്നു. ഇന്നോളം ഞാന് കണ്ടിട്ടുള്ളതില് ഏറ്റവും മനോഹരമായ സൂര്യോദയം.
പെട്ടെന്ന് തന്നെ ക്യാമറ എടുത്തു. ഈ നിമിഷത്തിനായാണ് ഇത്രയും ദിവസം അധികം ചിത്രങ്ങള് എടുക്കാതെ ബാറ്ററി സംരക്ഷിച്ചിരിക്കുന്നത്. പക്ഷേ, ഓണാക്കി ഒരു ചിത്രം പകര്ത്തുന്നതിന് മുന്പേ ക്യാമറ ഓഫായി. കമ്പിളിയില് പൊതിഞ്ഞ് സൂക്ഷിച്ചിരുന്ന ബാറ്ററികള് ഒന്നിന് പുറമേ ഒന്നായി ഇട്ടു നോക്കി. കൊടും തണുപ്പില് അവയും പണിമുടക്കി.
സൂര്യോദയം കണ്ടു നിന്ന എന്നെ സെയ്ദി ഓര്മിപ്പിച്ചു, കൊടുമുടി കയറണം, തിരിച്ചിറങ്ങണം. ഉഹുരു കൊടുമുടി എന്നെഴുതിയ ബോര്ഡിനെ ലക്ഷ്യമാക്കി ഞാന് ആ അവസാന പത്ത് ചുവടുകള് വച്ചു. അടുത്തെത്തിയപ്പോള്, കയ്യിലുണ്ടായിരുന്ന ഹൈക്കിങ് സ്റ്റിക്ക് എന്ന നീളന് വടി നീട്ടി ആ ബോര്ഡിനെ ഒന്ന് തൊട്ടു. പിന്നെ ആയാസകരമായ ഒന്നുരണ്ട് ചുവടുകൂടി വച്ച് ആ ബോര്ഡിനടുത്ത് എത്തി, അതില് ചാരിനിന്ന് ഒരു ദീര്ഘശ്വാസം എടുത്തു. കൃത്യ സമയത്ത് ഇന്നസെന്റും ഷൂവും എവിടെനിന്നോ വന്നതുകൊണ്ട് മാത്രം ആ രംഗത്തിന്റെ ഒരു ചിത്രം അവരില് ആരുടെയോ ക്യാമറയില് പതിഞ്ഞു.
മല കയറ്റത്തിന്റെ മന്ത്രമായ ‘പോലെ പോലെ’ മലയിറക്കത്തിന് ബാധകമല്ല. ഒരു രാത്രി കൊണ്ട് കയറിയ ബരഫു ക്യാംപിനു കൊടുമുടിക്കും ഇടയിലുള്ള പാത രണ്ടുമൂന്ന് മണിക്കൂര് കൊണ്ട് തിരിച്ചിറങ്ങി. ഇറങ്ങുന്ന വഴി ഞാനൊരു ചെറിയ കല്ലെടുത്ത് പോക്കറ്റില് ഇട്ടു. സര്വ സാധാരണമായ ഒരു കരിങ്കല്ലിന് ചീള്. പക്ഷേ, കിളിമഞ്ചാരോയുടെ ഉച്ചിയില്നിന്ന് കൊണ്ടുവന്ന ആ കല്ല് ഞാന് ഇപ്പോഴും സൂക്ഷിച്ച് വച്ചിട്ടുണ്ട്.
ബരഫു ക്യാംപില് എത്തിയ ഉടനെ ഞാന് ജീവിതത്തില് വെള്ളം കണ്ടിട്ടില്ലാത്തവനെപ്പോലെ കയ്യില് കിട്ടിയ രണ്ടുമൂന്ന് കുപ്പി വെള്ളം കുടിച്ച് തീര്ത്തു. പിന്നെ, കൂടാരത്തില് കയറി ഒരു ചെറിയ ഉറക്കം.
ഒന്നോ രണ്ടോ മണിക്കൂര് വിശ്രമം കഴിഞ്ഞപ്പോള് സെയ്ദി വീണ്ടും വന്നു. ബരഫു ക്യാംപില് രാത്രി ചിലവഴിക്കാന് പറ്റില്ല. താഴെനിന്ന് വരുന്നവര്ക്ക് വേണ്ടി ക്യാംപ് ഒഴിഞ്ഞ് കൊടുക്കണം. അതുകൊണ്ട്, അന്ന് തന്നെ 3100 മീറ്റര് ഉയരത്തിലുള്ള ‘മ്വേകാ ക്യാംപിലേയ്ക്ക്’ ഇറങ്ങണം.
മ്വേകാ ക്യാംപിലെ ആ രാത്രി ആഘോഷിക്കാന് ഞങ്ങള് പരിപാടിയിട്ടു. പക്ഷേ, കോഴിയും ചോറും നൂഡില്സും സൂപ്പും ഒക്കെയടങ്ങിയ അത്താഴം തീരുന്നതിന് മുന്പേ ഉറക്കം എല്ലാവരെയും തേടിയെത്തി.
പിറ്റേന്ന് അതിരാവിലെ വീണ്ടും കുത്തനെ ഇറക്കം. ഞങ്ങള് യാത്ര തുടങ്ങിയ മച്ചാമേ ഗേറ്റില് തന്നെ ഞങ്ങള് കിളിമഞ്ചാരോയോട് വിട പറഞ്ഞു.
ഇതിനകം യാത്രയുടെ അടുത്ത ഘട്ടത്തിനായി രുക്മിണി ടാന്സാനിയയില് എത്തിയിരുന്നു. അടുത്ത ഘട്ടം ഒരു സഫാരിയാണ്. മഴമേഘങ്ങളെയും അവ കൊണ്ടുവരുന്ന പുല്നാമ്പുകളെയും പിന്തുടര്ന്ന് കെനിയയുടെയും ടാന്സാനിയയുടെയും അതിര്ത്തിയായ ‘മാര’ നദി കടക്കാന് വരുന്ന ലക്ഷക്കണക്കിന് വില്ഡബീസ്റ്റുകളുടെയും സീബ്രകളുടെയും പ്രയാണവും, അവയെ തിന്ന് വിശപ്പടക്കാന് കാത്തിരിക്കുന്ന മുതലകളുമാണ് ഈ ഘട്ടത്തിലെ പ്രധാന ആകര്ഷണം. പിന്നെ, എന്നോ ഉല്ക്ക വീണുണ്ടായ ഒരു വലിയ കുഴി ഒരു കൊടുംകാടായി രൂപാന്തരപ്പെട്ട്, ആ കുഴിക്കുള്ളില് തന്നെ ജീവിതകാലം മുഴുവന് കഴിയുന്ന ‘ങോരോങ്ങോരോ ക്രേട്ടറിലെ’ മൃഗങ്ങളും.
ബറാക്കാ എന്ന ഞങ്ങളുടെ സഫാരി ഗൈഡ് ഒരു സഫാരി ജീപ്പ് കാണിച്ച് അതില് കയറാന് ക്ഷണിച്ചപ്പോഴാണ് ഞാനൊരു കാര്യം മനസിലാക്കിയത്. മടക്കുകയോ നിവര്ക്കുകയോ ചെയ്യാനാകാത്ത വിധം എന്റെ കാലുകള്ക്ക് വേദനയുണ്ട്. അടുത്ത കുറച്ച് ദിവസം എഴുന്നേറ്റാല് ഇരിക്കുന്നതും ഇരുന്നാല് എഴുനേല്ക്കുന്നതും വലിയൊരു പരിശ്രമം തന്നെയായിരുന്നു.
സഫാരി പാര്ക്കുകളിലേയ്ക്ക് ബറാക്കായുടെ ജീപ്പില് കയറി യാത്രയാകുമ്പോള് ഞാന് മേഘങ്ങള്ക്കിടയിലൂടെ ഒളിഞ്ഞുനോക്കുന്ന കിളിമഞ്ചാരോയ്ക്ക് നേരെ കൈ ഉയര്ത്തി വീശി.
(അവസാനിച്ചു)