തൃശൂർ> തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച കോവിഡ് രോഗിയുടെ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ച് പള്ളിയിൽ ഇറക്കി കുളിപ്പിച്ച് മതപരമായ ചടങ്ങുകൾ നടത്തി. ബന്ധുക്കൾക്കും പള്ളി ഭാരവാഹികൾക്കുമെതിരെ പൊലീസ് കേസെടുത്തു.
തൃശൂർ മുളങ്കുന്നത്തുക്കാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ച വരവൂർ സ്വദേശിനി ഖദീജ(53)യുടെ മൃതദേഹമാണ് പള്ളിയിൽ കുളിപ്പിക്കുകയും മതപരമായ ചടങ്ങുകൾ നടത്തുകയും ചെയ്തത്.
സംസ്കരിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ബന്ധുക്കൾ തൃശൂർ ശക്തൻ നഗറിലെ എംഎൽസി മസ്ജിദിൽ ഇറക്കി മതചടങ്ങുകൾ നടത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കൃത്യമായി പായ്ക്ക് ചെയ്ത് സംസ്കരിക്കാൻ ആംബുലസിൽ ശ്മശാനത്തിലേക്ക് കൊണ്ടുപോയ മൃതദേഹമാണ് പായ്ക്കിങ് പൊളിച്ച് പുറത്തെടുത്തത്.
കലക്ടർ എസ് ഷാനവാസിന്റെയും ഡിഎംഒ ഡോ. കെ ജെ റീനയുടെയും നേതൃത്വത്തിൽ ആംബുലൻസ് പിടിച്ചെടുത്തു. സ്വകാര്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ആംബുലൻസാണ് പിടിച്ചെടുത്തത്. സംഭവം നിരാശാജനകമായ നടപടിയാണെന്നും ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു.