മിലാൻ
പതിനൊന്നുവർഷത്തിനുശേഷമുള്ള കിരീടനേട്ടം ആഘോഷിച്ച് ഇന്റർ മിലാൻ. ഇറ്റാലിയൻ ഫുട്ബോൾ ലീഗ് ചാമ്പ്യൻമാരായതിനുപിന്നാലെയുള്ള ആദ്യകളിയിൽ സാമ്പദോറിയയെ 5–-1ന് തകർത്തു. ഇരട്ടഗോൾ നേടി അലെക്സിസ് സാഞ്ചെസ് കരുത്തുകാട്ടി. റോബർടോ ഗാഗിലാർദിനി, ആൻഡ്രിയ പിനമോണ്ടി, ലൗതാരോ മാർടിനെസ് എന്നിവർ പട്ടിക തികച്ചു. കെയ്റ്റ ബ്ലാഡെയാണ് സാമ്പദോറിയയുടെ ആശ്വാസം കണ്ടെത്തിയത്.
ഇത് 19–-ാംവട്ടമാണ് ഇറ്റലിയിൽ ഇന്റർ ചാമ്പ്യൻമാരാകുന്നത്. ഏറ്റവും ഒടുവിൽ 2010ലായിരുന്നു. തൊട്ടടുത്ത സീസണിൽ എസി മിലാനായിരുന്നു ജേതാക്കൾ. പിന്നീടുള്ള ഒമ്പതുവട്ടവും യുവന്റസിന്റെ ആധിപത്യമായിരുന്നു. നാലു കളി ബാക്കിനിൽക്കേയാണ് ഇന്റർ ഇത്തവണ കപ്പുയർത്തിയത്. നിലവിൽ 35 കളിയായി. 85 പോയിന്റ് നേടി. സ്പെസിയയയെ 4–-1ന് വീഴ്ത്തി നാപോളിയാണ് രണ്ടാമത്. യുവന്റസ് നാലാമതാണ്.
അന്റോണിയോ കൊണ്ടെയുടെ മിടുക്കിലാണ് ഇന്റർ ഇത്തവണ ജേതാക്കളായത്. 2019ൽ ഇന്ററിലെത്തിയ കൊണ്ടെ ടീമിനെ പുതുക്കിപ്പണിതു. മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന് റൊമെലു ലുക്കാക്കുവിനെയും സാഞ്ചെസിനെയും റാഞ്ചി. ടോട്ടനം ഹോട്സ്പറിൽനിന്ന് ക്രിസ്റ്റ്യൻ എറിക്സണും എത്തി. ലൗതാരോയും ലുക്കാക്കവും ചേർന്നുള്ള മുന്നേറ്റനിരയായിരുന്നു ഇത്തവണ ഇന്ററിന്റെ പ്രധാന കരുത്ത്. ഇതിനൊത്ത് മധ്യനിരയും പ്രതിരോധവും ഉണർന്നു.