ലണ്ടൻ
ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോൾ കിരീടത്തിനായി മാഞ്ചസ്റ്റർ സിറ്റി കാത്തിരിക്കണം. ചെൽസിയോട് 1–-2ന് തോറ്റു. പിന്നാലെ രണ്ടാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ വീഴ്ത്തിയതോടെ സിറ്റിയുടെ കാത്തിരിപ്പ് നീണ്ടു. യുണൈറ്റഡ് തോറ്റാൽ സിറ്റി ചാമ്പ്യൻമാരാകുമായിരുന്നു. 14ന് ന്യൂകാസിൽ യുണൈറ്റഡിനെ കീഴടക്കിയാൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് കിരീടമുയർത്താം.
35 കളിയിൽ 80 പോയിന്റാണ് സിറ്റിക്ക്. യുണൈറ്റഡിന് 34ൽ 70ഉം. ചെൽസിക്കെതിരെ മുൻനിര കളിക്കാരെ പുറത്തിരുത്തിയാണ് ഗ്വാർഡിയോള സിറ്റിയെ അണിയിച്ചത്. ചാമ്പ്യൻസ് ലീഗ് ഫൈനലിനുമുന്നോടിയായുള്ള ‘ഫൈനൽ റിഹേഴ്സൽ’ എന്ന സവിശേഷതയും സിറ്റി–-ചെൽസി പോരിനുണ്ടായിരുന്നു. സെർജിയോ അഗ്വേറോ പെനൽറ്റി പാഴാക്കിയതാണ് സിറ്റിക്ക് കളിയിൽ തിരിച്ചടി നൽകിയത്. അഗ്വേറോ തൊടുത്ത പനേങ്ക ഷോട്ട് ചെൽസി ഗോൾകീപ്പർ എഡ്വേർഡ് മെൻഡി അനായാസം തടഞ്ഞു. ഒന്നാംപകുതി അവസാനിക്കുംമുമ്പേ ഈ ക്ഷീണത്തിൽനിന്ന് സിറ്റിയെ റഹിം സ്റ്റെർലിങ് കരകയറ്റി. ഈ മുന്നേറ്റക്കാരൻ അവരെ മുന്നിലെത്തിച്ചു.
ഇടവേള കഴിഞ്ഞ് ചെൽസി തിരിച്ചുവന്നു. ഹക്കിം സിയേച്ച് ഒപ്പമെത്തിച്ചു. പരിക്കുസമയത്ത് മാർകസ് അലോൺസോ വിജയഗോളും നേടി. 29ന് ഇസ്താംബുളിലാണ് ഇരുടീമും ചാമ്പ്യൻസ് ലീഗ് കിരീടത്തിനായി ഏറ്റുമുട്ടുന്നത്.
വില്ലയ്ക്കെതിരെ പിന്നിട്ടുനിന്നശേഷം മൂന്നടിച്ചാണ് യുണൈറ്റഡ് ജയം നേടിയത് (3–-1). ബെർട്രാൻഡ് ട്രയോറെയാണ് വില്ലയ്ക്കായി ലക്ഷ്യംകണ്ടത്. എന്നാൽ, ഇടവേള കഴിഞ്ഞ് യുണൈറ്റഡ് തിരിച്ചുവന്നു. ബ്രൂണോ ഫെർണാണ്ടസ്, മാസൺ ഗ്രീൻവുഡ്, എഡിൻസൺ കവാനി എന്നിവർ മറുപടി നൽകി. സതാംപ്ടണെ ലിവർപൂൾ തോൽപ്പിച്ചു (2–-0).