മലപ്പുറം
ലോക്ഡൗൺ നിയന്ത്രണങ്ങളാൽ കടുത്ത ജോലിഭാരം നേരിടുന്ന പൊലീസിന് ആശ്വാസമായി ഷിഫ്റ്റ് സമ്പ്രദായം. അതത് പ്രദേശത്തിന്റെ അവസ്ഥയും ആവശ്യവും കണക്കാക്കി തിങ്കളാഴ്ച മുതൽ ഷിഫ്റ്റ് സംവിധാനം നടപ്പാക്കാമെന്ന് എഡിജിപി മനോജ് അബ്രഹാമിന്റെ ഉത്തരവിൽ പറയുന്നു. ഇതുൾപ്പെടെ ലോക്ഡൗൺ കാലയളവിൽ നടപ്പാക്കേണ്ട ക്രമീകരണങ്ങൾ സംബന്ധിച്ച് കേരള പൊലീസ് അസോസിയേഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് നടപടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന പൊലീസുകാർക്ക് മാസ്ക്, സാനിറ്റൈസർ എന്നിവ ആരോഗ്യ വകുപ്പിൽനിന്ന് ശേഖരിച്ച് ആവശ്യമനുസരിച്ച് വിതരണം ചെയ്യണമെന്നും ഉത്തരവിലുണ്ട്. കോവിഡ് പ്രതിരോധ ചുമതലയുള്ളവർ സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഡ്യൂട്ടി സ്ഥലത്ത് എത്തിയാൽ മതി. പരമാവധി താമസസ്ഥലത്തിന് സമീപം ഡ്യൂട്ടി നൽകണമെന്നും ഉത്തരവിൽ പറയുന്നു.
എഡിജിപിയുടെ ഉത്തരവ് പൊലീസുകാർക്ക് ഏറെ സഹായകമാകുന്ന തീരുമാനമാണെന്ന് പൊലീസ് അസോസിയേഷൻ ഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു. ഇതനുസരിച്ച് ജോലി മൂന്ന് ഷിഫ്റ്റായി ക്രമീകരിക്കാം. രാവിലെ ആറു മുതൽ പകൽ ഒന്നുവരെ, പകൽ ഒന്നു മുതൽ രാത്രി എട്ടുവരെ, രാത്രി എട്ടുമുതൽ പിറ്റേ ദിവസം രാവിലെ ആറു വരെ എന്നിങ്ങനെയാണ് ഷിഫ്റ്റ്. കഴിഞ്ഞ ലോക്ഡൗൺ കാലത്ത് ഇത് ഫലപ്രദമായി നടപ്പാക്കിയിരുന്നു.
രാത്രി പരിശോധനക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കണമെന്നും കൺട്രോൾ റൂം വാഹനങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും അസോസിയേഷൻ നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ആംഡ് റിസർവുകളിലെയും ബറ്റാലിയനുകളിലെയും സേനാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചാൽ കൂടുതൽ ഫലപ്രദമാകുമെന്നും റിപ്പോർട്ടിലുണ്ട്. എഡിജിപിയുടെ ഉത്തരവിൽ ഇതുസംബന്ധിച്ച് പരാമർശമില്ലെങ്കിലും നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് അസോസിയേഷൻ.-