ന്യൂഡൽഹി
രണ്ടാം കോവിഡ് തരംഗം രാജ്യത്തെ ഓരോ കുടുംബത്തിലും ആശങ്ക പടർത്തിയതോടെ കേന്ദ്രസർക്കാർ വീഴ്ചകൾ ന്യായീകരിക്കാനാകാതെ ആർഎസ്എസ്, ബിജെപി നേതൃത്വം. സുപ്രീംകോടതിയും വിവിധ ഹൈക്കോടതികളും സർക്കാർ വീഴ്ച ചൂണ്ടിക്കാണിക്കുകയും നിശിത വിമർശങ്ങൾ ഉന്നയിക്കുകയും ചെയ്ത സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് അറിയാത്ത പകപ്പിലാണ് നേതൃത്വമെന്ന് ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
രണ്ടാം തരംഗം തീക്ഷ്ണമാകുമെന്നതിന്റെ എല്ലാ ലക്ഷണവും ലഭിച്ചിട്ടും സർക്കാർ ആവശ്യമായ മുൻകരുതൽ നടത്തിയില്ലെന്ന ആക്ഷേപം ശക്തമായിട്ടുണ്ട്. ‘ഇത്രയും ശക്തമായ വ്യാപനം ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്ന- വാദമാണ് പ്രതിരോധത്തിനായി സർക്കാർ ഉന്നയിക്കുന്നത്. എന്നാൽ, സർക്കാർ സാഹചര്യങ്ങളെ തെറ്റായി വിലയിരുത്തിയതിന്റെ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചില കേന്ദ്രമന്ത്രിമാർ തുറന്നുസമ്മതിച്ചതായി ‘ഇന്ത്യൻ എക്സ്പ്രസ്’ റിപ്പോർട്ടിൽ പറയുന്നു. ബിജെപി, ആർഎസ്എസ് നേതൃത്വത്തിൽ ചിലർക്കും സമാനമായ അഭിപ്രായമുണ്ട്. എല്ലാ അധികാരവും പ്രധാനമന്ത്രി കാര്യാലയത്തിൽമാത്രം കേന്ദ്രീകരിച്ചത് വലിയ ഭവിഷ്യത്ത് സൃഷ്ടിച്ചെന്ന് ബിജെപി മുതിർന്ന നേതാവ് ചൂണ്ടിക്കാണിച്ചു.