വാഷിങ്ടൻ> നിയന്ത്രണം വിട്ട് ഭൗമാന്തരീക്ഷത്തിലേക്ക് കടന്ന ചൈനീസ് റോക്കറ്റ് ലോങ് മാർച്ച് 5ബിയുടെ കോർ സ്റ്റേജ് തഴേക്ക് പതിച്ചെന്ന് ചൈനയുടെ സ്ഥിരീകരണം. മാലദ്വീപിനോടു ചേർന്ന് ഇന്ത്യൻ മഹാസമുദ്രത്തിലാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റ് ഇന്ത്യന് മഹാസമുദ്രത്തിൽ പതിക്കുമെന്ന് യുഎസ് സൈന്യത്തിന്റെ 18 സ്പേസ് കൺട്രോൾ സ്ക്വാഡ്രൻ വിഭാഗം പ്രവചിച്ചിരുന്നു.
ഇന്ത്യൻ സമയം, ഞായറാഴ്ച രാവിലെ 07.54നു അന്തരീക്ഷത്തിൽ പ്രവേശിച്ച റോക്കറ്റ്, അക്ഷാംശം 2.65 ഡിഗ്രിക്കും രേഖാംശം 72.47 ഡിഗ്രിക്കും ഇടയിലാണ് പതിച്ചത്. റോക്കറ്റിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽവച്ചു തന്നെ കത്തിനശിച്ചതായും ചൈന മാൻഡ് സ്പേസ് എൻജിനീയറിങ് ഓഫിസ് അറിയിച്ചു. ചൈനയുടെ സ്വപ്നപദ്ധതി ലാർജ് മോഡ്യുലർ സ്പേസ് സ്റ്റേഷന്റെ പ്രധാനഭാഗം ടിയാൻഹെ മൊഡ്യൂളിനെ ഏപ്രിൽ 29നു ഭ്രമണപഥത്തിലെത്തിച്ച ശേഷം തിരിച്ചിറക്കത്തിലാണു റോക്കറ്റിനു നിയന്ത്രണം വിട്ടത്.