ഈ ജോലിയ്ക്ക് നിങ്ങൾ ഒരാൾ പോരാ. ദമ്പതികളെയാണ് വേണ്ടത്. ഇതാണ് ഏക യോഗ്യത. ഒരു സ്വകാര്യ ദീപ് നോക്കി നടത്തുക എന്നതാണ് ജോലി. ശമ്പളം ഒരു വർഷത്തേക്ക് 1,20,000 ഡോളർ. അതായത് ഏകദേശം 88 ലക്ഷം രൂപ. ബഹാമാസിലെ പണക്കാരായ കുടുംബമാണ് ജോലി ലിസ്റ്റ് ചെയ്തിരിക്കുന്നത്. യാത്ര ചെയ്യാൻ താത്പര്യമുള്ള ദമ്പതികളെയാണ് തങ്ങൾക്ക് വേണ്ടത് എന്ന് ഈ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.
ബഹാമാസിലെ സ്വകാര്യ ദീപിലെ ബംഗ്ലാവും, ചുറ്റുമുള്ള പ്രദേശവും നോക്കി നടത്തുക എന്നതാണ് പ്രധാന ജോലി. ഇതിനാണോ ഇത്രയും ശമ്പളം എന്നാവും ചിന്തിക്കുന്നത്. ഈ വീട് മാത്രമല്ല കുടുംബത്തിന്റെ നേപ്പിൾസ്, ഫ്ലോറിഡ എന്നെ നഗരങ്ങളിലെ വീടുകളും ചിലപ്പോൾ നോക്കി നടത്തേണ്ടി വരും.
പോളോ & ട്വീഡ് എന്ന ജോലി സംബന്ധമായ വെബ്സൈറ്റിൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകർഷകമായ ശമ്പളത്തിന് പുറമെ ആരോഗ്യ ഇൻഷുറൻസും, ഔദ്യോഗിക ആവശ്യത്തിനായി കാറും അനുവദിക്കും.
“ഇത് ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന സൗഭാഗ്യം ആണ്. ജോലിക്ക് ക്ഷണിച്ച കുടുംബത്തിലെ ഒരു വ്യക്തി തന്നെ തനിക്ക് ജോലി വേണം എന്നുണ്ടെങ്കിൽ ഈ ജോലിക്കായി അപേക്ഷ സമർപ്പിച്ചേനെ എന്ന് പറഞ്ഞു. ഞങ്ങൾക്ക് ഒരുപാട് പേർ ഈ സമയം കൊണ്ട് ബയോ ഡാറ്റ അയച്ചിട്ടുണ്ട്. ഇതുവരെ ഞങ്ങൾ ബയോ ഡാറ്റ തരം തിരിച്ചിട്ടില്ല”, പോളോ & ട്വീഡ് സ്ഥാപകയും പ്രധാന റിക്രൂട്ടറുമായ ലൂസി ചാലിൻജർ പറഞ്ഞു.