തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിൽ ഒരു കൂട്ടം കാട്ടാനകൾ കയറി വാഴക്കൃഷി നടത്തുന്ന പറമ്പ് നശിപ്പിച്ചിരിക്കുന്നതാണ് വിഡിയോയിൽ. പറമ്പിലെ ഏറെക്കുറെ എല്ലാ വാഴകളും കാട്ടാനക്കൂട്ടം ചവിട്ടിമെതിച്ചു. അതെ സമയം കൂട്ടത്തിൽ ഒരു വാഴ മാത്രം കാട്ടാനക്കൂട്ടം വെറുതെ വിട്ടു. കാട്ടാനക്കൂട്ടം പിൻ വാങ്ങിയതിന് ശേഷം അവിടെയെത്തിയ നാട്ടുകാരാണ് ഒരു വാഴ മാത്രം നശിക്കാതെ നിൽക്കുന്നത് കണ്ട് പരിശോധിച്ചത്. കുലച്ചു നിൽക്കുന്ന പഴക്കുലയുടെ ഇടയിൽ ഒരു കിളിക്കൂട് നാട്ടുകാർ കണ്ടെത്തി. അതിൽ 3 കിളി കുഞ്ഞുങ്ങളുമുണ്ടായിരുന്നു.
ആനകൾ കിളിക്കൂട് കണ്ടാണോ ആ വാഴ മാത്രം വെറുതെ വിട്ടത് എന്നാണ് ഇപ്പോൾ നാട്ടിലെ ചൂടുള്ള ചർച്ച വിഷയം. പ്രാദേശിക വാർത്ത ചാനൽ വീഡിയോ സഹിതം വാർത്ത കൊടുത്തതോടെ സംഭവം വൈറലായി. ഇന്ത്യൻ ഫോറെസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുസന്റ നന്ദ ഈ വീഡിയോ ശകലം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഭവം ദേശീയ ശ്രദ്ധയും നേടി.
ആനകളെ സൗമ്യന്മാരായ ഭീകരന്മാർ എന്ന് വിളിക്കുന്നതിന്റെ കാരണം ഇതാണ്. കൂടുകളുള്ളതൊഴികെ എല്ലാ വാഴകളും അവ നശിപ്പിച്ചു. ദൈവം സൃഷ്‌ടിച്ച ഏറ്റവും ഉദാത്തമായ ജീവികളിൽ ഒന്ന്”, വിഡിയോയോയോടൊപ്പം സുസന്റ നന്ദ കുറിച്ചു. ധാരാളം പേരാണ് വീഡിയോയ്ക്ക് കീഴെ പ്രതികാരങ്ങൾ അറിയിക്കുന്നത്. “ലോകത്തിലെ ഏറ്റവും നല്ല ഗുണ്ടകളാണ് ആനകൾ” എന്നാണ് നർമ രൂപത്തിൽ ഒരു ട്വിറ്റർ ഉപഭോക്താവിന്റെ ട്വീറ്റ്. ” ആനയ്ക്ക് ബുദ്ധിയുണ്ടോ ഇല്ലയോ എന്നുള്ളത് വേറെ കാര്യം. എന്തായാലും മനുഷ്യന്മാരെക്കാളും ബുദ്ധിയുണ്ട്, സഹജീവി സ്നേഹവും” കിനിഹോ സുമി എന്ന ട്വിറ്റർ ഉപഭോക്താവിന്റെ പ്രതികരണം.