ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ല എന്ന് ചിലർ വാദിച്ചപ്പോൾ, ‘ഗോ കൊറോണ ഗോ’ മന്ത്രം ഇടയ്ക്കിടെ ഉരുവിട്ടാണ് ചിലർ കോറോണയെ അകറ്റി നിർത്താൻ ശ്രമിക്കുന്നത്. വൈറസിന്റെ ആദ്യ ഘട്ടത്തിൽ നല്ല വേരോട്ടം ലഭിച്ച ഇത്തരം അബദ്ധ ധാരാണകൾക്ക് രണ്ടാം തരംഗത്തിലും നല്ല വളം ലഭിക്കുന്നുണ്ട്. ഇതിലൊന്നാണ് കൊവിഡ്-19, കൊറോണ എന്നീ വാക്കുകളുടെ സ്പെല്ലിങ്ങിൽ മാറ്റം വരുത്തിയാൽ മഹാമാരി അവസാനിക്കും എന്ന പുതിയ വാദം.
ആന്ധ്രാ പ്രദേശിലെ അനന്തപുരത്ത് നിന്നുള്ള ഒരു പോസ്റ്റർ ആണ് എല്ലാത്തിനും പിന്നിൽ. എസ്.വി. ആനന്ദ് റാവു എന്ന് പേരുള്ള സ്റ്റെനോഗ്രാഫറും സംഖ്യാജ്യോതിഷത്തിൽ വിശ്വസിക്കുന്ന വ്യക്തി ഒരു പോസ്റ്റർ പതിപ്പിച്ചു. അതിൽ പറയുന്നത് Corona, COVID-19 എന്നീ വാക്കുകളുടെ സ്പെല്ലിങ് മാറ്റണം എന്നാണ്. പകരം CARONAA (കറോണ), COVVIYD-19 (കോവിയിഡ്-19) എന്നാക്കാമെന്നാണ് പേരിൽ തന്നെ N,D അക്ഷരങ്ങൾ (SV Annandd Rao) കൂടുതലായി ചേർത്ത ആനന്ദ് റാവു പറയുന്നത്. ഈ സ്പെല്ലിങ്ങിൽ കൊവിഡ്-19, കൊറോണ വാക്കുകൾ വാതിലുകളിലും പൊതു ഇടങ്ങളിലും പതിപ്പിച്ചത് മഹാമാരി അനന്തപുരം ജില്ലയിൽ നിന്നും എന്ന് മാത്രമല്ല ലോകത്തിൽ നിന്നും തന്നെ അപ്രത്യക്ഷമാവും എന്നാണ് ആനന്ദ് റാവു പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്.
ആരോ ഒരാൾ ഈ പോസ്റ്ററിന്റെ ചിത്രമെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. ചിലരുടെ പ്രതികരണങ്ങളും രസകരമാണ്. ‘എല്ലാ രാഷ്ട്രീയപ്രവർത്തകരുടെയും പേരും നമുക്ക് മാറ്റി നോക്കാം, ഇന്ത്യയ്ക്ക് ഒരു നല്ല കാലം വന്നാലോ’ എന്നാണ് ഒരു ട്വിറ്റെർ ഉപഭോക്താവ് കുറിച്ചത്. ‘ഞാൻ എന്തുവേണമെങ്കിലും ചെയ്യാം, ഈ കൊറോണ ഒന്ന് മാറിക്കിട്ടിയാൽ മതി’ എന്നാണ് മറ്റൊരാളുടെ കമന്റ്.
ശ്രദ്ധിക്കുക, കൊറോണ വൈറസിന്റെ നേരിടാൻ ശാസ്ത്രീയമായി തെളിയിച്ച മാർഗ്ഗങ്ങൾ മാത്രം പിന്തുടരുക.