പനാജി
ബിജെപി ഭരിക്കുന്ന ഗോവയിൽ സെന്റ് ഫ്രാൻസിസ് സേവ്യറെ അധിക്ഷേപിച്ച ആര്എസ്എസ് നേതാവ് സുഭാഷ് വെലിംഗകറെ പൊലീസ് അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്തം. ജനകീയ പ്രതിഷേധം ശക്തമായതോടെ വെലിംഗകര് ഒളിവിൽപോയി.
ഞായറാഴ്ച മാർഗോവിലും ഓള്ഡ് ഗോവയിലും പ്രതിഷേധത്തില് നൂറുകണക്കിനാളുകള് പങ്കെടുത്തു. മാര്ഗോയില് പ്രതിഷേധക്കാര് ശനിയാഴ്ച ദേശീയപാത തടഞ്ഞു. പൊലീസ് ലാത്തിച്ചാര്ജ് നടത്തി. വെലിംഗകറിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കൗൺസില് ഫോര് സോഷ്യൽ ജസ്റ്റിസ് ആൻഡ് പീസ് ആവശ്യപ്പെട്ടു. സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പുകളുടെ ഡിഎൻഎ പരിശോധിക്കണമെന്നും ഗോവയുടെ സംരക്ഷകനെന്ന് അദ്ദേഹത്തെ വിളിക്കാനാകില്ലെന്നുമാണ് വെലിംഗകര് പറഞ്ഞത്.വെലിംഗകറിന്റെ മുൻകൂര് ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. ബിജെപി സര്ക്കാര് ബോധപൂര്വം ഗോവയുടെ സാമുദായിക ഐക്യം തകര്ക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമര്ശിച്ചു.