ന്യൂഡൽഹി
ലഡാക്കിനെ ഭരണഘടനയുടെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കും സംഘവും നിരാഹാര സമരം തുടങ്ങി. ജന്തർ മന്തറിൽ സമരത്തിന് കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസ് അനുമതി നിഷേധിച്ചതോടെ ലഡാക്ക് ഭവനിലാണ് നിരാഹാരം തുടങ്ങിയത്. ഉന്നത രാഷ്ട്രീയ നേതൃത്വത്തെ കാണാൻ അനുവദിക്കുമെന്ന് ഉറപ്പ് നൽകിയെങ്കിലും തീയതി സംബന്ധിച്ച അറിയിപ്പില്ലെന്നും സോനം വാങ്ചുക് അറിയിച്ചു. ദേശീയ പതാകയേന്തി ഗേറ്റിനുള്ളിൽ ഇരുപതോളം പ്രവർത്തകരുമായാണ് സമരം.
ലഡാക്കിന് സംസ്ഥാന പദവി, ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണം, ലേയ്ക്കും കാർഗിലിനും പ്രത്യേകമായി ലോക്സഭ സീറ്റ് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ലഡാക്കിൽനിന്ന് ഡൽഹിയിലേക്ക് നടത്തിയ മാർച്ച് സിംഘു അതിർത്തിയിൽ തടഞ്ഞ പൊലീസ് സോനം വാങ്ചുക്കിനെയും സംഘത്തെയും കസ്റ്റഡിയിലെടുത്തിരുന്നു. വൻ പ്രതിഷേധത്തെ തുടർന്ന് ഒരു ദിവസം കഴിഞ്ഞ് വിട്ടയച്ചെങ്കിലും ലഡാക്ക് ഭവനിന് പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചർച്ചയ്ക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ലഡാക്കിന് സംസ്ഥാന പദവി ബിജെപി വാഗ്ദാനം ചെയ്തെങ്കിലും കബളിപ്പിച്ചുവെന്ന് പ്രക്ഷോഭകർ പറഞ്ഞു.