കുവൈത്ത് സിറ്റി > ബയോമെട്രിക് കാലാവധി സെപ്റ്റംബർ 30ന് കഴിഞ്ഞിട്ടും വിരലടയാളം നൽകാത്ത 47,445 സ്വദേശി പൗരന്മാർ ഉണ്ടെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിനെ തുടർന്ന് 35,000-ഓളം ബാങ്ക് ഉപഭോക്താക്കളുടെ ബാങ്കിംഗ് ഇടപാടുകളും ഇ-സേവനങ്ങളും നിർത്തിവച്ചതായി ബാങ്കിംഗ് വൃത്തങ്ങൾ അറിയിച്ചു.ബാങ്കിംഗ് സേവനങ്ങൾ തുടരാൻ ബയോമെട്രിക് വിരലടയാളം നൽകി സിവിൽ ഐഡി സാധുത ഉറപ്പാക്കണം. ഇടപാടുകൾ താൽക്കാലികമായി നിർത്തിവെക്കപ്പെട്ടവർ തങ്ങളുടെ ഗവർണറേറ്റിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ എവിഡൻസിന് കീഴിലുള്ള പേഴ്സണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റുകൾ സന്ദർശിച്ച് ബയോമെട്രിക് പൂർത്തിയാക്കണം. ഇതിന് ശേഷം ഇടപാടുകൾ പുനഃസ്ഥാപിക്കപ്പെടുമെന്നും അധികൃതർ പറഞ്ഞു.
പ്രവാസികൾക്ക് ഡിസംബർ 31 ആണ് ബയോമെട്രിക് വിരലടയാളം പൂർത്തിയാക്കാനുള്ള അവസാന തീയതി. പ്രവാസികളിൽ ഏകദേശം 790,000 പേർ രജിസ്ട്രേഷൻ പൂർത്തിയാക്കിയിട്ടില്ലെന്ന് നേരത്തെ റിപ്പോർട്ട് വന്നിരുന്നു. കൂടുതൽ സങ്കീർണതകൾ ഒഴിവാക്കി രജിസ്ട്രേഷൻ വേഗത്തിൽ പൂർത്തിയാക്കാൻ അധികൃതർ പ്രവാസികളോട് അഭ്യർത്ഥിച്ചു.