ന്യൂഡൽഹി> പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി സാകേത് ഗോഖലെ. മോദിക്കുവേണ്ടി വേണ്ടി സ്വച്ഛ് ഭാരത് ഫണ്ടിൽ നിന്ന് 8,000 കോടി രൂപ കേന്ദ്ര സർക്കാർ ചെലവഴിച്ചതായാണ് സാകേത് ഗോഖലെയുടെ ആരോപണം.
നരേന്ദ്രമോദിയുടെ പി ആര് വര്ക്കിനുവേണ്ടിയാണ് ഇത്രയും രൂപ ഉപയോഗിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനത്തിനുശേഷം പുതിയ നോട്ടുകളില് സ്വച്ഛ് ഭാരത് എന്ന മുദ്ര പതിപ്പിക്കണമെന്ന് നിര്ബന്ധം പിടിക്കുന്ന തരത്തിലായിരുന്നു മോദിയുടെ പി ആര് വര്ക്കുകള്. മോദി ചെയ്യുന്നതുപോലെ ഇന്ത്യയിലെ മറ്റൊരു പാര്ടിക്കോ അവരുടെ നേതാവിനോ വ്യക്തിഗത പി ആർ വർക്കിനായി കോടിക്കണക്കിന് രൂപ സര്ക്കാര് ഫണ്ട് ലഭിക്കാറില്ല. നികുതി വര്ധിപ്പിച്ച് മോദി സര്ക്കാര് ജനങ്ങളെ കൊള്ളയടിക്കുകയാണ്. ജനങ്ങള് അധ്വാനിച്ചുണ്ടാക്കിയ പണം നികുതിക്കായി തട്ടിയെടുക്കുന്നു. വാക്സിന് സര്ട്ടിഫിക്കറ്റില് പോലും മോദിയുടെ ഫോട്ടോ പതിപ്പിച്ചുള്ള പി ആര് വര്ക്കാണ് നടന്നതെന്നും സാകേത് തുറന്നടിച്ചു. കേന്ദ്രസര്ക്കാരിന്റെ പല പരിപാടികളും മോദിയെ ഉയര്ത്തിക്കാട്ടുന്നതിന് വേണ്ടി മാത്രം സമര്പ്പിക്കപ്പെടുന്നതാണ്. അതിന് ഉപയോഗിക്കുന്നത് നികുതിദായകരുടെ പണമാണെന്നും സാകേത് ഗോഖലെ ആരോപിച്ചു.
അധികാരത്തിലെത്തിയ 2014 മുതല് കേന്ദ്രസര്ക്കാരിന്റെ പരസ്യങ്ങള്ക്കും പി ആര് കാമ്പെയ്നുകള്ക്കും മറ്റുമായി സ്വച്ഛ് ഭാരതിന്റെ ബജറ്റില് നിന്നുള്ള 8,000 കോടി ചെലവഴിച്ചുവെന്ന് സാകേത് പറയുന്നു. ഇന്നലെ, ഗാന്ധി ജയന്തി ദിനത്തിൽ മോദി സ്വച്ഛ് ഭാരത് കാമ്പയിനിന്റെ 10 വർഷം ആഘോഷിച്ചു. എന്നാൽ ഈ പ്രചാരണം കൊണ്ട് ഇന്ത്യ എന്താണ് നേടിയതെന്നും ഗോഖലെ ചോദിച്ചു. സ്വച്ഛ് ഭാരതിന്റെ മിക്കവാറും എല്ലാ പരസ്യങ്ങൾക്കും വലിയ തുകയാണുള്ളത്. മോദിയുടെ ഫോട്ടോകളും വീഡിയോകളും ഉപയോഗിച്ചുകൊണ്ട് മോദിയ്ക്കുവേണ്ടിയാണ് ഇത്രയും പരസ്യങ്ങൾ കേന്ദ്രസർക്കാർ പുറത്തിറക്കിയത്. നികുതിദായകരുടെ പണമാണ് മോദിയുടെയും ബിജെപിയുടെയും പ്രചാരണത്തിനായി ഉപയോഗിക്കുന്നത്.
പാർലമെന്റിൽ ഭൂരിപക്ഷം പോലും നേടാനാകാത്ത മോദിയെപ്പോലുള്ള ഒരാളുടെ പിആർവർക്കിനായി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ പണം എന്തിനുപയോഗിക്കണം. ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാർ ആർക്കാണ് വോട്ട് ചെയ്യ്തതെന്നും കേവലഭൂരിപക്ഷം ലഭിക്കാത്ത വിധത്തിൽ ബിജെപിയെ ഒതുക്കിയതെന്നും അറിയാവുന്ന കാര്യമാണെന്നും ടിഎംസി എംപി സാകേത് ഗോഖലെ പറഞ്ഞു.