കാൺപൂർ > ഓക്സിജൻ തെറാപ്പിയിലൂടെ പ്രായം കുറയ്ക്കാമെന്നു പറഞ്ഞ് തട്ടിപ്പ് നടത്തിയ ദമ്പതികൾക്കെതിരെ പരാതി. ഇസ്രയേൽ നിർമിത ടൈംമെഷീൻ വഴി പ്രായം കുറയ്ക്കാമെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. 35 കോടിയോളം രൂപ ഇത്തരത്തിൽ ഇവർ തട്ടിയെടുത്തതായാണ് വിവരം. പറ്റിക്കപ്പെട്ടവരിൽ ഏറെയും വയോധികരാണ്. ദമ്പതികളായ രാജീവ് കുമാർ ദുബെ, രശ്മി ദുബെ എന്നിവരാണ് അറസ്റ്റിലായത്. കാൺപുരിൽ ഇവർ ഒരു തെറപ്പി സെന്റർ ആരംഭിച്ചിരുന്നു. ഇതിന്റെ മറവിലാണ് തട്ടിപ്പ് നടന്നത്.
വായു മലിനീകരണം കാരണം പ്രദേശത്തെ ആളുകൾക്ക് വയസായി വരികയാണെന്നും ഓക്സിജൻ തെറാപ്പി നൽകുന്നതിലൂടെ കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ചെറുപ്പമാകാമെന്നും പറഞ്ഞ് ഇവർ പ്രദേശവാസികളെ പറ്റിക്കുകയായിരുന്നു. 60 വയസുള്ളവർക്ക് ഇസ്രയേലിൽ നിന്നെത്തിച്ച ടൈംമെഷീൻ വഴി 25 വയസുകാരെപ്പോലെയാകാൻ പറ്റുമെന്നും ഇവർ പരസ്യം ചെയ്തിരുന്നു. വിവിധ പാക്കേജുകളായാണ് ചികിത്സ നൽകിയിരുന്നത്. ഒരു സെഷന് 6,000 രൂപയും 3 വർഷത്തേക്ക് 90,000 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. ഇവരുടെ തട്ടിപ്പിനിരയായി 10 ലക്ഷം രൂപ നഷ്ടമായ രേണു സിങ് ആണ് പൊലീസിൽ പരാതി നൽകിയത്. ദമ്പതികൾ നിലവിൽ ഒളിവിലാണെന്നാണ് വിവരം.