ചണ്ഡീഗഢ് > ഹരിയാനയിൽ നിയമസഭ തെരഞ്ഞെടുപ്പ് ഒക്ടോബർ 5ന്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു. വ്യാഴാഴ്ച നിശബ്ദ പ്രചാരണമായിരിക്കും നടക്കുക. 90 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പാണ് ഒക്ടോബർ അഞ്ചിനാണ് നടക്കുക. ഒക്ടോബർ എട്ടിന് വോട്ടെണ്ണൽ നടക്കും.
ബിജെപിയിലും കോൺഗ്രസിലും സീറ്റ് ലഭിക്കാത്തവർ വിമതരായി മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി നയാബ് സിങ് സെയ്നി ഉൾപ്പെടെ ബിജെപി നേതാക്കൾക്കെതിരെ സ്വതന്ത്രരായി മത്സരിക്കുന്ന വിമത നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
കോൺഗ്രസിലും വിമതർ മത്സരിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാൻ തീരുമാനിച്ച 13 നേതാക്കളെ കഴിഞ്ഞ ദിവസം കോൺഗ്രസ് പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പിൽ ജുലാന മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ട് ആണ് കോൺഗ്രസിൽ മത്സരിക്കുന്നുണ്ട്.
ഹരിയാനയിൽ ഭരണം തിരിച്ചുപിടിക്കാൻ ഏഴ് ഗാരന്റികളടങ്ങിയ പ്രകടനപത്രികയാണ് കോൺഗ്രസ് പുറത്തിറക്കിയത്. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ, 300 യൂണീറ്റ് വരെ സൗജന്യ വൈദ്യുതി തുടങ്ങിയവ ഉൾപ്പെടെ കർഷകരെയും സ്ത്രീകളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ളതാണ് പ്രകടന പട്ടിക.