ന്യൂഡൽഹി
രാജ്യത്തെ സൈബർ തട്ടിപ്പുസംഘങ്ങൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ സിബിഐ നടത്തിയ റെയ്ഡിൽ 26 പേർ അറസ്റ്റിൽ. ഒപ്പറേഷൻ ചക്ര–-3ന്റെ ഭാഗമായി പുണെ, ഹൈദരാബാദ്, അഹമ്മദാബാദ്, വിശാഖപട്ടണം എന്നിവിടങ്ങളിലെ 32 വ്യത്യസ്ത സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് സംഘാംഗങ്ങൾ പിടിയിലായത്.
58.45 ലക്ഷം രൂപയും ലോക്കർ താക്കോലും മൂന്ന് ആഡംബര വാഹനങ്ങളും കേന്ദ്ര ഏജൻസി പിടിച്ചെടുത്തു. പുണെയിൽ നിന്ന് 10 പേരെയും ഹൈദരാബാദിൽനിന്ന് അഞ്ചുപേരെയും വിശാഖപട്ടണത്തുനിന്ന് 11 പേരെയുമാണ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം 951 വസ്തുക്കളും കണ്ടെടുത്തു. കോൾസെന്റർ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിച്ചിരുന്നത്. നാല് കോൾ സെന്ററുകളിലായി 170 പേരാണ് തട്ടിപ്പിൽ പങ്കാളികളായിരുന്നത്. വിദേശ രാജ്യങ്ങളിലുള്ളവരെ വിളിച്ച് ആൾമാറാട്ടം നടത്തിയും ഇവർ വൻ തട്ടിപ്പ് നടത്തിയതായും സിബിഐ അറിയിച്ചു.