ദുബായ് > ജീവിതത്തിൽ ഉണ്ടായ നിരവധി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്യാൻ തന്നെ പാകപ്പെടുത്തിയത് പ്രവാസമാണെന്ന് എഴുത്തുകാരി ഇന്ദുലേഖ പറഞ്ഞു. കാഫ് ദുബായ് സംഘടിപ്പിച്ച ‘എന്റെ പ്രവാസം എന്റെ ജീവിതം’ എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്ന് എത്തിയ സ്ത്രീകൾക്ക് യുഎഇയിലെ പ്രവാസം നൽകുന്ന സ്വാതന്ത്ര്യം സമാനതകൾ ഇല്ലാത്തതാണെന്ന് ഇന്ദുലേഖ പറഞ്ഞു. ‘എൻ്റെ പ്രവാസം എൻ്റെ ജീവിതം’ എന്ന പരിപാടിയിൽ പങ്കെടുത്ത സാമൂഹ്യസേവന രംഗത്തെ സന്ധ്യ രഘുകുമാർ, ആതുരസേവന രംഗത്തെ ലത ലളിത, പ്ലസ് ടൂ വിദ്യാർഥി ശ്രേയ സേതു എന്നിവർ നടത്തിയ നിരീക്ഷണങ്ങൾ ശ്രദ്ധേയമായി. പരിപാടിയിൽ ഉഷാ ഷിനോജ് സ്വാഗതം പറഞ്ഞു. റസീന കെ പി അധ്യക്ഷയായി.
‘എൻ്റെ പ്രവാസം എൻ്റെ ജീവിതം’ എന്ന ലേഖന മത്സരത്തിൽ ഒന്നാം സമ്മാനം കിട്ടിയ റസീന ഹൈദറിന് നിഷ രത്നമ്മയും രണ്ടാം സമ്മാനം കിട്ടിയ ലേഖ ജസ്റ്റിന് റോയ് റാഫേലും മൂന്നാം സമ്മാനം കിട്ടിയ ദീപ പ്രമോദിന് വനിത എം വിയും പ്രത്യേക ജൂറി പുരസ്കാരം ലഭിച്ച സന്ധ്യ രഘുകുമാറിന് ദീപ കേളാട്ടും പ്രോത്സാഹന സമ്മാനങ്ങൾ ലഭിച്ച ജെനി പോളിന് ബിനു മനോഹറും അൻതാര ജീവിനു നിസാർ ഇബ്രാഹിമും പുരസ്കാരങ്ങൾ നൽകി. ലേഖന മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും പുരസ്കാരങ്ങളും നൽകി. പ്രഭാഷണത്തെക്കുറിച്ച് ദൃശ്യ ഷൈനും മത്സര വിഷയത്തെക്കുറിച്ച് രാജേശ്വരി പുതുശ്ശേരിയും മത്സരത്തിൽ ലഭിച്ച മുഴുവൻ ലേഖനങ്ങളെക്കുറിച്ച് ഗീതാഞ്ജലിയും സംസാരിച്ചു. ഷെഹീന അസി നന്ദി രേഖപ്പെടുത്തി.