കുവൈത്ത് സിറ്റി > കുവൈത്തിലെ എഞ്ചിനീയറിംഗ് അലുംനി അസോസിയേഷനുകളുടെ കൂട്ടായ്മയായ കുവൈത്ത് എഞ്ചിനീയർസ് ഫോറം (കെഇഎഫ്) ഹവല്ലി അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ‘ആർപ്പോണം-24’ എന്നുപേരിട്ട പ്രോഗ്രാം കെഇഎഫിന്റെ എട്ട് അലുംനി അസോസിയേഷനുകളുടെ പ്രസിഡന്റുമാർ തിരി കൊളുത്തി ഉദ്ഘാടനം ചെയിതു. ജനറൽ കൺവീനർ ഹനാൻ ഷാൻ മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ജനറൽ കൺവീനർ ഗംഗ പ്രസാദ് ഓണ സന്ദേശം നൽകി. ചടങ്ങിൽ വെച്ച് കെഇഎഫ് ന്യൂസ് ലെറ്ററായ “അസ്പിറേഷൻസ്” ഡാറ്റാ മാനേജ്മെൻ്റ് കൺവീനർ പ്രശാന്ത് വാര്യർ ജനറൽ കൺവീനർ ഹനാൻ ഷാനിന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. കുട്ടികൾക്കായുള്ള ക്ലബായ കെഇഎഫ് ചിൽഡ്രൻസ് ക്ലബിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും വേദിയിൽ വെച്ച് നടന്നു.
അസോസിയേഷൻ അംഗങ്ങൾ അവതരിപ്പിച്ച കൈകൊട്ടി കളി, കുട്ടികൾ അവതരിപ്പിച്ച ഉണ്ടോണം, സഞ്ജയ് ബബോയി ചെറിയാൻ സംവിധാനം ചെയ്ത നാടകം ‘മാർത്താണ്ഡവർമ’, ഹരി ഇന്ദ്രൻ സംവിധാനം ചെയ്ത സിനിമാറ്റിക് ഡ്രാമ ‘ഭ്രമലു’ എന്നിവ നടന്നു. ആർപ്പോണത്തിന് അസോസിയേഷൻ എക്സ് ഓഫീഷ്യോ സന്തോഷ് സ്വാഗതവും ആർട്സ് കൺവീനർ സനീജ് എബി തോമസ് നന്ദിയും അറിയിച്ചു.