മസ്കത്ത്/ തിരുവനന്തപുരം > ഒരു വർഷത്തിലേറെ അംശാദായ അടവിൽ വീഴ്ച വരുത്തി അംഗത്വം അസാധുവായവർക്കാണ് ആനുകൂല്യം ലഭ്യമാകുക. കേരള പ്രവാസി ക്ഷേമനിധിയിൽ തുടർച്ചയായി ഒരു വർഷത്തിൽ അധികം അംശാദായം അടക്കാത്തതിനാൽ അംഗത്വം സ്വമേധയാ നഷ്ടമായവർക്ക് അംഗത്വം പുനഃസ്ഥാപിക്കുന്നതിന് ഇളവുകൾ അനുവദിക്കാൻ തീരുമാനമായി. കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ 48ാമത് ഡയറക്ടർ ബോർഡ് യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
2009 മുതൽ ഇതുവരെ ക്ഷേമനിധിയിൽ അംഗത്വം എടുത്തവരും പെൻഷൻ പ്രായം പൂർത്തീകരിക്കാത്തവരും ( പൂർത്തീകരിച്ചാലും അംഗത്വ പുന:സ്ഥാപനത്തിനു നൽകിയിട്ടുള്ള ഗ്രേസ് പിരീഡിൽ ഉള്ളവരും ) ഒരു വർഷത്തിലേറെ അംശാദായ അടവിൽ വീഴ്ച വരുത്തിയവരുമായവർക്കാണ് ആനുകൂല്യം ലഭിക്കുക. കുടിശ്ശിക തുക പൂർണമായും ആകെ കുടിശ്ശിക തുകയുടെ 15 ശതമാനം മാത്രം പിഴയായി ഒടുക്കിയും അംഗത്വം പുനഃസ്ഥാപിക്കാം.
ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ നിലവിൽ വരുമെന്നും അധികൃതർ അറിയിച്ചു. ക്ഷേമനിധി അംഗങ്ങൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും ക്ഷേമനിധി ബോർഡ് അറിയിച്ചു. ഒമാൻ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തുടർച്ചയായി ഒരു വർഷത്തിൽ അധികം അംശാദായം അടക്കാത്തതിനാൽ അംഗത്വം സ്വമേധയാ നഷ്ടമായവർക്ക് പുതിയ ഇളവുകൾ ഏറെ ഗുണകരമാകും.