പാനൂർ
‘‘ഇക്കാലമത്രയും വിളിക്കപ്പുറത്ത് തന്നെയുണ്ടായിരുന്നു ഞങ്ങളെല്ലാം…അതു മാഞ്ഞല്ലോ..’’ പുഷ്പന്റെ മരണം ഉൾക്കൊള്ളാനാകാതെ പുതുക്കുടി കുടുംബാംഗങ്ങളുടെ വിലാപം കൂടിനിന്നവരെയും കണ്ണീരിലാഴ്ത്തി. പാർടിക്കൊപ്പം കുടുംബവും ചേർന്നുനിന്നത് പോരാട്ട വീറിന്റെ 30 വർഷത്തെ സഹനജീവിതത്തിന് താങ്ങും തണലുമായി. പുഷ്പന്റെ ഒറ്റവിളിക്ക് മുന്നിലെത്തിയിരുന്നു സഹോദരങ്ങളും ഭാര്യമാരും. തെല്ലും വിട്ടുവീഴ്ചയില്ലാത്ത പരിചരണവും സ്നേഹസാന്നിധ്യവുമായിരുന്നു കുടുംബമാകെ. വീട്ടിൽ കാണാൻ എത്തുന്ന ഏവരോടും കുശലം പറഞ്ഞും രാഷ്ട്രീയം സംസാരിച്ചും ആ വീടിനെയും അക്ഷരാർഥത്തിൽ രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കേന്ദ്രമാക്കി പുഷ്പൻ. ഇതിനെല്ലാം ചേർന്നുനിന്നത് കുടുംബാംഗങ്ങളാകെ. കിടപ്പിലും പാർടിയെ നെഞ്ചോട് ചേർത്ത പുഷ്പന് കുടുംബവും പാർടിയുമായിരുന്നു എല്ലാം.
2021 നവംബറിൽ തറവാട്ടിൽനിന്ന് പുതിയ വീട്ടിലേക്ക് താമസം മാറിയതോടെ സഹോദരൻ പ്രകാശനും ഭാര്യ രജനിയും പുഷ്പനൊപ്പംതന്നെയായിരുന്നു. പത്ര വായന നിർബന്ധമുള്ള പുഷ്പന് സ്വയം വായിക്കണമെന്ന നിർബന്ധ ബുദ്ധിയുമുണ്ടായിരുന്നു. ദേശാഭിമാനി പത്രം വായിക്കാനായി നേരെ പിടിച്ച് പേജ് മറിച്ചുകൊടുക്കുന്നത് സഹോദരി ജാനു. ജാനുവിന്റെ അഭാവത്തിൽ സഹോദരൻ രാജന്റെ ഭാര്യ രോഹിണിയുമെത്തും. പ്രാതലായാലും ഊണായാലും, രാത്രി ഭക്ഷണമായാലും പുഷ്പന് മത്സ്യം നിർബന്ധമായിരുന്നു. മാമ്പഴ പ്രിയനായിരുന്ന പുഷ്പന് നാടൻ മാങ്ങ എത്തിച്ചുനൽകാൻ നാട്ടിൽ മത്സരമായിരുന്നു. ആരോഗ്യ പ്രശ്നത്താൽ ഭക്ഷണത്തിന് നിയന്ത്രണമേർപ്പെടുത്തുന്ന സമയങ്ങളിൽ ഇഷ്ടവിഭവങ്ങൾതന്നെ കിട്ടണമെന്ന വാശി പലപ്പോഴും കാണിച്ചിരുന്നുവെന്ന് സഹോദരി ജാനു ഓർത്തു.
അച്ഛന് കുഞ്ഞിക്കുട്ടിക്കും അമ്മ ലക്ഷ്മിക്കുമൊപ്പം (ഫയൽ ചിത്രം)