പറയാൻ ഏറെയുള്ളപ്പോൾ എവിടെനിന്ന് എങ്ങനെ തുടങ്ങുമെന്ന് നിശ്ചയമില്ലാതെ വരുന്നു. എങ്കിലും സഖാക്കൾ എന്ന നിലയിൽ വാക്കുകൾക്കപ്പുറത്തായി താങ്കളുമായി അഗാധബന്ധം ഉണ്ടല്ലോ. എല്ലാറ്റിനെയും അതിജീവിക്കുക, അല്ലാതെ മറ്റൊന്നും മുന്നിലില്ല. 1983 ഒക്ടോബർ 14ന് എന്റെ ശ്വാസകോശത്തിനും ഹൃദയത്തിനും കരളിനും നട്ടെല്ലിനും കുത്തേറ്റു. രണ്ട് കാലും തളർന്നു. മാറിടം മുതൽ താഴേക്ക് സ്പർശനശേഷി നഷ്ടപ്പെട്ടു. ഇരുകൈയും ക്ഷീണിച്ചു. ഇടതുകൈയുടെ കക്ഷത്തെ ചില ഭാഗങ്ങളിൽ സ്പർശനശേഷിയില്ല.അത്തരമൊരനുഭവം താങ്കളോട് പ്രത്യേകം വിവരിക്കേണ്ടതില്ലല്ലോ.
കുത്തേറ്റശേഷം എന്റെ ആദ്യ ആഗ്രഹം സ്വന്തം കൈകൊണ്ട് ചോറ് വാരിത്തിന്നുക എന്നതായിരുന്നു. അത് സാധിച്ചത് മൂന്ന് മാസത്തിനുശേഷം. നട്ടെല്ലിന് കുത്തേറ്റതിനാൽ സുഷുമ്നയ്ക്ക് പഴുപ്പു ബാധിച്ചു. എന്റെ മരണത്തെക്കുറിച്ച് ഡോക്ടർമാർ പറയുന്നത് സ്വന്തം ചെവിയാൽ കേട്ടു.
എന്നിട്ടും തളർന്നില്ല. മരിക്കുമെന്ന് ഉറപ്പായപ്പോൾ ജീവിക്കാൻ വാശിയായി. മനസ്സിൽ പറഞ്ഞു ഒരു കമ്യൂണിസ്റ്റിനെ ഉരുക്കുകൊണ്ട് തീർത്തിരിക്കുന്നു. അത്തരമൊരു അവസ്ഥയിലേക്ക് പുഷ്പനും മനസ്സിനെ പാകപ്പെടുത്തുക. ഒന്നരമാസം അസഹീയ വേദനയായിരുന്നു. അനുനിമിഷം അതു മാറിമറയും. വരുന്ന ഓരോ വേദനയും ആദ്യത്തേതിലും വലുത്. ആ ദിവസങ്ങളിൽ ഉറക്കമില്ല. മയക്കുമരുന്ന് തന്നാൽ ചെറിയ മയക്കം.
മണിക്കൂർ കഴിയുമ്പോൾ ഉണരും. അസമയത്തെ ആ ഉണർവ് ശരിക്കും പീഡാകരം. മനസ്സിനെ തളർത്തുമെന്ന് തോന്നിയപ്പോൾ മയക്കുമരുന്ന് ഉപേക്ഷിച്ചു. ഉറക്കമില്ലായ്മയും വേദനയും സ്വയം ഏറ്റെടുത്തു. മൂത്രതടസ്സം മൂലം പലപ്പോഴും ഛർദിച്ചു. 24മണിക്കൂറും പനി.
ഡ്രിപ്പും രക്തവും കൈയിലെ സൂചിയിലൂടെ അരിച്ചുകയറിക്കൊണ്ടിരുന്നു. ഛർദി കാരണം മൂക്കിൽ ട്യൂബിട്ടു. അൽപം ആശ്വാസം സംഗീതം മാത്രം. സാന്ത്വനത്തിന്റെ അത്തരം വഴികൾ പുഷ്പനും കണ്ടെത്തുക. ഇടയ്ക്ക് രാത്രിയിൽ എനിക്ക് ബോധം നഷ്ടപ്പെടും. അർധബോധം. ചിലപ്പോൾ ഹർഷോന്മാദം. ഭ്രാന്ത് പിടിക്കുമോ എന്നു തോന്നി. എന്നിട്ടും മനസ്സ് തളർന്നില്ല. പിടിച്ചുനിന്നു. നിശ്ചയദാർഢ്യവും വിപ്ലവപ്രസ്ഥാനവുമായിരുന്നു, എന്റെ ശക്തി. ഏറെ അനുഭവിച്ചു.
എഴുതിയത് അനുഭവത്തിന്റെ ഒരു തരി മാത്രം. പുഷ്പന് അതു മനസ്സിലാവും. വേദനയെ അതിജീവിക്കുന്ന വഴി നമുക്ക് കണ്ടെത്താതിരിക്കാനാവില്ല.
തിരുവനന്തപുരത്തെ ഭവാനി നഴ്സിങ് ഹോമിൽനിന്നാണ് ഈ കത്തെഴുതുന്നത്. ഇവിടെ വന്നശേഷം കാലിപ്പർ ധരിക്കാതെ നിൽക്കാനും സഹായത്തോടെ പത്ത് ചുവട് വാക്കറിൽ പിടിച്ചു നടക്കാനും കഴിഞ്ഞു.
നിശ്ചയദാർഢ്യമാണ് ജീവിതം മാറ്റിമറിക്കുന്നത്; “വിധി’യെ പറിച്ചുനീക്കുന്നത്. ജീവിതം ആരും വച്ചുനീട്ടുന്നതല്ല. നാം പിടിച്ചെടുക്കുന്നതാണ്. മനസ്സ് ദൃഢമാക്കുക. അത് എത്രമാത്രം അത്യന്താപേക്ഷിതമെന്ന് പുഷ്പന് ബോധ്യമാവും.
(സൈമണ് ബ്രിട്ടോ 2018 ഡിസംബര് 31 ന് അന്തരിച്ചു)