തിരുവനന്തപുരം
കേരളം ബയോമെഡിക്കൽ ഉപകരണ നിർമാണത്തിന്റെ ഹബ്ബായി മാറുമെന്ന് വിദഗ്ധരും വ്യവസായ പ്രമുഖരും. ജൈവ ശാസ്ത്ര മേഖലയിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാൻ സർക്കാർ സംഘടിപ്പിച്ച ബയോകണക്ട് 2.0യിലെ സെഷനിലാണ് വിദഗ്ധരുടെ അഭിപ്രായം. ലോകോത്തര നിലവാരത്തിലുള്ള ഗവേഷണ സ്ഥാപനങ്ങൾ ഇതിന് കരുത്ത് പകരുമെന്നും സംസ്ഥാന സർക്കാരിന്റെ നടപടികൾ പ്രശംസനീയമാണെന്നും അഭിപ്രായമുയർന്നു.
മെഡിക്കൽ ഉപകരണ നിർമാണരംഗത്ത് കേരളത്തിന് അനന്തസാധ്യതകളാണുള്ളതെന്ന് അഗപ്പെ ഡയഗ്നോസ്റ്റിക്സിന്റെ എംഡി തോമസ് ജോൺ പറഞ്ഞു. നിലവിൽ ഇന്ത്യയിലെ മെഡിക്കൽ ഉപകരണങ്ങളിൽ 70 ശതമാനവും ഇറക്കുമതി ചെയ്യുന്നവയാണ്. ശേഷിക്കുന്ന 30 ശതമാനത്തിൽ 20 ശതമാനവും കേരളത്തിലാണ് ഉൽപ്പാദിപ്പിക്കുന്നത്. ഹോം കെയർ ഡയഗ്നോസ്റ്റിക് ഉപകരണങ്ങളിലും വെറ്ററിനറി ഉപകരണങ്ങളിലുമാണ് അഗപ്പെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് താൽപ്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദത്ത റബറിന്റെ ലഭ്യത കേരളത്തിലെ മെഡിക്കൽ ഉപകരണങ്ങളുടെ ഉൽപ്പാദനച്ചെലവ് ഗണ്യമായി കുറയ്ക്കുമെന്ന് ഹാരിസൺസ് മലയാളം ലിമിറ്റഡ് സിഇഒ സന്തോഷ് കുമാർ പറഞ്ഞു.
നൂതന മെഡിക്കൽ ഉപകരണങ്ങളുടെ നിർമാണത്തിന് അനിവാര്യമായ അർദ്ധചാലകങ്ങൾ നിർമിക്കുന്ന കമ്പനികളുടെ അഭാവം ഈ മേഖലയിലെ ഒരു പ്രധാന വിടവാണെന്ന് വിൻവിഷ് ടെക്നോളജീസ് സിഇഒ പയസ് വർഗീസ് പറഞ്ഞു. ഇത്തരം സ്ഥാപനങ്ങളെ കേരളത്തിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങൾ ആവശ്യമാണെന്നും പുതിയ ഉൽപ്പന്നങ്ങൾ സാധൂകരിക്കാനും സാക്ഷ്യപ്പെടുത്താനും കൂടുതൽ ലബോറട്ടറികൾ വേണമെന്നും അദ്ദേഹം പറഞ്ഞു. യുഎസിലെ യുസിഎസ്എഫ് സർജിക്കൽ ഇന്നൊവേഷൻസ് പ്രോഗ്രാം ഡയറക്ടർ ഡോ. ഉഷ തെക്കേടത്ത്, കെഎൽഐപി ഡയറക്ടറും കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യം സ്പെഷ്യൽ ഓഫീസറുമായ സി പത്മകുമാർ എന്നിവരും സംസാരിച്ചു.
കേരളത്തിന് അഭിനന്ദനം
മെഡിക്കൽ ഉപകരണ മേഖലകളിലെ സ്റ്റാർട്ടപ്പുകൾ, ഗവേഷകർ, ഇന്നൊവേറ്റർമാർ എന്നിവരെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പാക്കിയ കേരള മെഡിക്കൽ ടെക്നോളജി കൺസോർഷ്യത്തെ (കെഎംടിസി) സെഷൻ അഭിനന്ദിച്ചു. ഇതിനകം 85 കമ്പനികളെയും 357 സ്റ്റാർട്ടപ്പുകളെയും ഒരുമിച്ചുകൊണ്ടുവന്ന് 8,722 കോടി രൂപയുടെ വാർഷിക വരുമാനം ഉണ്ടാക്കാനായി. 2027-ഓടെ 300 കമ്പനികളും 16,600 കോടി രൂപയുടെ വരുമാനവുമാണ് ലക്ഷ്യം. 2032-ഓടെ 3,500 സ്റ്റാർട്ടപ്പുകളും 34,750 കോടി വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്.