പാരിസ് > ഫ്രഞ്ച് ഫുട്ബോൾ താരം റാഫേൽ വരാനെ വിരമിച്ചു. 31-ാം വയസ്സിലാണ് താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. വിടാതെ പിന്തുടരുന്ന പരിക്കാണ് വരാനെയെ വിരമിക്കൽ തീരുമാനത്തിലെത്തിച്ചത്. നിലവിൽ ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ താരമാണ് റാഫേൽ വരാനെ.
ഫ്രാൻസ് 2018ലെ ലോകകപ്പുയർത്തുമ്പോൾ വരാനെയായിരുന്നു ടീമിന്റെ സെന്റർബാക്ക്. 2022ൽ ലോകകപ്പ് ഫൈനലിലെത്തിയ ഫ്രാൻസ് ടീമിലും വരാനെ അംഗമായിരുന്നു. 2013 മുതൽ ഫ്രഞ്ച് ടീമിന്റെ ഭാഗമായ വരാനെ ടീമിനായി 93 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.
ഫ്രഞ്ച് ക്ലബ്ബ് ലെൻസിൽ നിന്ന് സീനിയർ കരിയർ ആരംഭിച്ച വരാനെ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് റയൽ മാഡ്രിഡിലാണ്. 2011 മുതൽ 2021 വരെയുള്ള പത്ത് വർഷക്കാലം ലോസ് ബ്ലാങ്കോസിന്റെ ഭാഗമായ വരാനെ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നാല് ക്ലബ്ബ് ലോകകപ്പുകളും മൂന്ന് ലാലിഗയും ടീമിനോടൊപ്പം നേടി.
റയൽ മാഡ്രിഡിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തിയ വരാനെ കഴിഞ്ഞ സീസൺ വരെ ഇംഗ്ലണ്ടിൽ തുടർന്നു. അവിടെ നിന്നുമാണ് താരം കോമോയിലെത്തിയത്.