ജനീവ > 18ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ നിർമിക്കപ്പെട്ട അപൂർവ വജ്ര നെക്ലേസ് വിൽപ്പനയ്ക്ക്. ഇതുവരെ ലേലത്തിൽ വച്ചിട്ടുള്ളതിൽ ഏറ്റവും അപൂർവമായ നെക്ലേസാണ് ലേലത്തിൽ വച്ചിരിക്കുന്നത്. നവംബർ 11ന് ജനീവയിലാണ് ലേലം നടക്കുകയെന്ന് പ്രമുഖ ലേല സ്ഥാപനമായ സോതബീസ് അറിയിച്ചു. ഇതിന് മുന്നോടിയായുള്ള ഓൺലൈൻ ലേലം സോതബീസിന്റെ വെബ്സൈറ്റിൽ ഒക്ടോബർ 25 മുതൽ ആരംഭിക്കും. 50 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് നെക്ലേസ് പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്.
3 നിരകളിലായി 500 വജ്രക്കല്ലുകൾ ഉപയോഗിച്ച് നിർമിച്ച മാലയ്ക്ക് 300 കാരറ്റ് ഭാരമുണ്ട്. ആരാണ് നിർമിച്ചതെന്നോ എപ്പോഴാണ് നിർമിക്കപ്പെട്ടതെന്നോ കൃത്യമായ ധാരണയില്ലാത്ത നെക്ലേസ് ലോകത്തിലെ തന്നെ അപൂർവമായ വജ്ര നെക്ലേസുകളിലൊന്നാണ്. ഫ്രഞ്ച് വിപ്ലവത്തിന് മുമ്പാണ് ഇത് നിർമിച്ചതെന്നാണ് കരുതപ്പെടുന്നത്. 1.8 മുതൽ 2.8 മില്യൺ ഡോളർ വരെയാണ് നെക്ലേസിന്റെ പ്രതീക്ഷിത വില. 1937ൽ ജോർജ് ആറാമന്റെ കിരീടധാരണ ചടങ്ങിൽ ആംഗ്ലെസിയിലെ രാജകുടുംബാംഗമായ മാർജോറി പേജറ്റ് ഈ നെക്ലേസാണ് ധരിച്ചിരുന്നത്. എലിസബത്ത് രാജ്ഞിയുടെ കിരീടധാരണച്ചടങ്ങിൽ മാർജോറി പേജറ്റിന്റെ മരുമകളും ഇതേ മാല തന്നെയാണ് ധരിച്ചിരുന്നത്.