തിരുവനന്തപുരം > ട്രെയിൻ യാത്രയ്ക്കിടെ അനിയന്ത്രിതമായ തിക്കിലും തിരക്കിലും പെട്ട് രണ്ട് വനിതകൾ കുഴഞ്ഞുവീണു. കോട്ടയത്തെ പിറവം റോഡ് സ്റ്റേഷനിൽ തിങ്കൾ രാവിലെയാണ് സംഭവം. തിരുവനന്തപുരം–-ഷൊർണൂർ വേണാട് എക്സ്പ്രസിലാണ് സംഭവം.
ട്രെയിനിൽ കയറാനുള്ള ബദ്ധപ്പാടിൽ കഴിഞ്ഞ ദിവസം മറ്റൊരു യാത്രക്കാരിക്ക് പരിക്കേറ്റിരുന്നു. തിരക്കേറുന്നതിനാൽ സിഗ്നൽ ലഭിച്ചാലും ഗാർഡിന് ക്ലിയറൻസ് കൊടുക്കാനാകുന്നില്ല. ഇക്കാരണത്താൽ വേണാട് എക്സ്പ്രസ് വൈകുന്നതും പതിവാണ്. തിങ്കൾ രാവിലെ അരമണിക്കൂർ വൈകിയാണ് ട്രെയിൻ എറണാകുളത്ത് എത്തിയത്.
ഓണാവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും മടങ്ങിയവരുടെ എണ്ണം കൂടിയതാണ് തിരക്കിന് കാരണം. രാവിലെ 5.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട ട്രെയിൻ അഞ്ചുമിനിട്ട് വൈകിയാണ് പുറപ്പെട്ടത്. കൊല്ലംവിട്ടപ്പോൾ യാത്രക്കാരുടെ തിരക്കേറി.
രാവിലെ കൊല്ലത്തുനിന്ന് എറണാകുളത്തേയ്ക്കുള്ള മെമുവിലും വൻ തിരക്കായിരുന്നു. എറണാകുളത്തേയ്ക്ക് തിരുവനന്തപുരത്തുനിന്ന് രാവിലെ ആദ്യ ട്രെയിൻ വേണാട് എക്സ്പ്രസാണ്. മെമു, പാലരുവി, വേണാട് എക്സ്പ്രസ് ട്രെയിനുകളിൽ ജോലി ആവശ്യങ്ങൾക്കായി ദിവസവും എറണാകുളത്ത് പോയിവരുന്നവരുടെ എണ്ണം മൂവായിരത്തിൽ ഏറെയാണെന്ന് ട്രെയിൻ യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓൺ റെയിൽസ് സെക്രട്ടറി ജെ ലിയോൺസ് പറഞ്ഞു.
പാലരുവി എക്സ്പ്രസിനും വേണാടിനും ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയാണ് യാത്രാപ്രശ്നത്തിന് കാരണം. കായംകുളത്തുനിന്ന് കോട്ടയം വഴി എറണാകുളത്തേക്ക് ഒരു മെമു അല്ലെങ്കിൽ പാസഞ്ചർ സർവീസ് ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിലവിൽ എട്ടു കോച്ചുകളുള്ള മെമു റേക്ക് പതിനാറായി ഉയർത്തണമെന്നും ആവശ്യപ്പെടുന്നു.