ചെങ്ങന്നൂർ > തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള കല്ലിശേരി മഴുക്കീർമേൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ‘സദ്ഗുരുവേ ജയ’ എന്ന ശ്രീനാരായണ കീർത്തനം ചൊല്ലിയതിന് സ്ത്രീകളെ ഭീഷണിപ്പെടുത്തിയ ആർഎസ്എസ് പ്രവർത്തകർക്കെതിരെ പരാതി. ഉമയാറ്റുകര എസ്എൻഡിപി ശാഖയിലെ സ്ത്രീകളാണ് ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകിയത്.
കീർത്തനം ചൊല്ലരുതെന്നും സ്ത്രീകളോട് ഇറങ്ങിപ്പോകാനും മേപ്രം ശാഖയിലെ ആർഎസ്എസ് പ്രവർത്തകർ ആക്രോശിച്ചിരുന്നു. പ്രാർഥന ഒരു സമുദായത്തെ മാത്രം ഉദ്ദേശിച്ചല്ലെന്ന് സ്ത്രീകൾ അറിയിച്ചെങ്കിലും കാര്യമുണ്ടായില്ല. പ്രാർഥനാപുസ്തകത്തിൽ ശ്രീനാരായണഗുരുവിന്റെ ചിത്രം വന്നതാണ് എതിർപ്പിനു കാരണം.
സംഭവത്തിൽ എസ്എൻഡിപി ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസിട്രേറ്റർ സുരേഷ് പരമേശ്വരൻ അധ്യക്ഷനായ യോഗം പ്രതിഷേധിച്ചു. ആർഎസ്എസ് പ്രവർത്തകരാണെന്ന് അവകാശപ്പെട്ടുകൊണ്ടാണ് രണ്ടുപേർ ഗുരുദേവ പ്രാർഥന തടസപ്പെടുത്തിയത്. എസ്എൻഡിപി ഉമയാറ്റുകര ശാഖയിലെ കമ്മിറ്റി അംഗമായ ദേവരാജനെയും ഇവർ ഭീഷണിപ്പെടുത്തിയെന്ന് യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു.
ശ്രീനാരായണഗുരുദേവനെ നിന്ദിച്ചവർ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ബുധൻ പകൽ 4.30 ന് കല്ലിശേരി ജങ്ഷനിൽ പ്രതിഷേധയോഗവും തുടർന്ന് ക്ഷേത്രകവാടത്തിന് മുന്നിൽ ഗുരുദേവനാമജപയജ്ഞവും നടത്താൻ എസ്എൻഡിപി യോഗം തീരുമാനിച്ചു.
യോഗത്തിൽ യൂത്ത്മൂവ്മെന്റ് താലൂക്ക് കൺവീനർ വിനീത് വിജയൻ, ചെയർമാൻ വിഷ്ണുരാജ്, വൈദികയോഗം പ്രസിഡന്റ് സൈജു പി സോമൻ ശാന്തി, ശാഖാ സെക്രട്ടറിമാരായ സതീഷ് കല്ലുപറമ്പിൽ, സിന്ധു എസ് മുരളി, സോമോൻ തോപ്പിൽ, സനജ സോമൻ, മേഖല കൺവീനർ സതീഷ് ബാബു , വൈസ് ചെയർമാൻ ഹരി പത്മനാഭൻ, രമേശ് രവി, സതിൻ സത്യൻ എന്നിവർ സംസാരിച്ചു.