ചെന്നൈ > തമിഴ്നാട് ബിഎസ്പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിനെ വധിച്ച കേസിലെ പ്രതിയെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പൊലീസ് വെടിവച്ചുകൊന്നു. കുപ്രസിദ്ധ കുറ്റവാളി സീസിങ് രാജ (എൻ രാജ –- 49)യാണ് കൊല്ലപ്പെട്ടത്. കേസിൽ പൊലീസ് “ഏറ്റുമുട്ടലിൽ’ കൊല്ലപ്പെടുന്ന മൂന്നാമത്തെ പ്രതിയാണ് രാജ.
ഞായറാഴ്ച ആന്ധ്രയിലെ കഡപ്പയിൽനിന്നാണ് രാജയെ പൊലീസ് പിടികൂടിയത്. ഒളിപ്പിച്ചുവച്ചിരിക്കുന്ന ആയുധം കണ്ടെത്താനായി ചെന്നൈ നീലങ്കരൈയിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ രക്ഷപ്പെടാനായി സീസിങ് രാജ വെടിയുതിര്ത്തുവെന്നും തിരിച്ചുള്ള വെടിവയ്പിൽ വയറിനും നെഞ്ചിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും പൊലീസ് അറിയിച്ചു. ജൂലൈ 5നാണ് ആംസ്ട്രോങ്ങിനെ ഒരു സംഘം വെട്ടിക്കൊന്നത്. ജൂലൈ 13ന് തിരുവെങ്കടം എന്ന പ്രതിയെയും സെപ്തംബര് 18ന് മറ്റൊരു പ്രതി കാക്കത്തോപ്പ് ബാലാജിയെയും പൊലീസ് വെടിവച്ചുകൊന്നിരുന്നു.