മസ്കത്ത് > ഒമാന്റെ ഫുട്ബോൾ കോച്ച് ചെക്ക് പരിശീലകൻ ജറോസ്ലാവ് സിൽഹവിയെ പരിശീലക സ്ഥാനത്ത് നിന്നും മാറ്റി. ഒമാനി വെറ്ററൻ താരം റഷീദ് ജാബറിനെ ദേശീയ ടീമിൻ്റെ മുഖ്യ പരിശീലകനായി നിയമിച്ചു. ഒമാൻ ഫുട്ബോൾ അസോസിയേഷന്റേതാണ് തീരുമാനം.
ഒമാന്റെ ദേശീയ ടീമിൻ്റെ സ്പിരിറ്റ് വീണ്ടെടുക്കുക എന്നതാണ് എൻ്റെ മുൻഗണന – ഒമാൻ കോച്ച് റഷീദ് ജാബർ പറഞ്ഞു. 2022-ൽ സീബ് ക്ലബ്ബിനെ എഎഫ്സി കപ്പ് കിരീടത്തിലേക്ക് നയിച്ചതുൾപ്പടെ പരിശീലകനെന്ന നിലയിൽ നിരവധി ടീമുകളെ റഷീദ് ജാബർ
അവിസ്മരണീയമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട് .
2026-ലെ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുവൈത്തിനും ജോർദാനുമായി ഏറ്റുമുട്ടാൻ ഇരിക്കുന്ന ഒമാൻ ടീമിന് റഷീദ് ജാബറിന്റെ വരവ് ഊർജമാവും എന്നാണ് കായിക പ്രേമികൾ കരുതുന്നത്. അതേസമയം ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ മത്സരങ്ങളിൽ ഇറാഖിനോടും ദക്ഷിണ കൊറിയയോടും ഒമാൻ പരാജയപ്പെട്ടതാണ് ജറോസ്ലോവ് സിൽഹവിയക്ക് സ്ഥാനം നഷ്ടപ്പെടാനുള്ള കാരണം എന്നും കരുതുന്നു.