തിരുവനന്തപുരം
വയനാട് പുനരധിവാസത്തിന് തുരങ്കംവയ്ക്കാൻ ബിജെപിയും പ്രതിപക്ഷവും ഒരുവിഭാഗം മാധ്യമങ്ങളും നടത്തുന്ന കള്ളപ്രചാരണങ്ങൾക്കെതിരെ 24ന് ജില്ലാ കേന്ദ്രങ്ങളിൽ സിപിഐ എം ബഹുജന പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിക്കും. വയനാട്ടിൽ ഏരിയാ കേന്ദ്രങ്ങളിലാണ് കൂട്ടായ്മകൾ. 20 മുതൽ 23വരെ സംസ്ഥാന വ്യാപകമായി ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കാനും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.
ദുരന്തം കഴിഞ്ഞ് 50 ദിവസം പിന്നിട്ടിട്ടും ഒരുരൂപപോലും കേന്ദ്രസഹായം ലഭിക്കാത്തത് മറച്ചുവെച്ചാണ് കള്ളക്കഥ പ്രചരിപ്പിക്കുന്നത്.
സമാനതയില്ലാത്ത ദുരന്തമാണ് വയനാട്ടിലുണ്ടായത്. നൂറുകണക്കിന് ജീവനും സ്വത്തുവകകളുമാണ് നഷ്ടമായത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾ സർക്കാർ മാതൃകാപരവും പ്രശംസനീയവുമായാണ് നടത്തിയത്. വയനാടിന്റെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധി മാനദണ്ഡപ്രകാരം കേരളത്തിന് ആവശ്യപ്പെടാനാകുന്ന തുക ഇനംതിരിച്ച് നൽകുകയും ചെയ്തു. പുനരധിവാസത്തിന് വിശദമായ നിവേദനം നൽകണമെന്ന കേന്ദ്രനിർദേശംകൂടി കണക്കിലെടുത്തു. മുൻദുരന്തങ്ങളിൽ കേന്ദ്രത്തിന് സമർപ്പിച്ച നിവേദന മാതൃകയാണ് പിന്തുടർന്നത്.
1202 കോടി രൂപയുടെ പ്രാഥമിക സഹായ നിർദേശമാണ് നിവേദനത്തിൽ ഉൾപ്പെടുത്തിയത്. പ്രകൃതി ദുരന്തത്തിൽ മറ്റ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര സഹായം അനുവദിച്ചപ്പോഴും കേരളത്തെ അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ.കേരളത്തിനെതിരായും വയനാട് പുനരധിവാസത്തെ അട്ടിമറിക്കാനും കേന്ദ്ര സഹായം ഇല്ലാതാക്കാനും നടത്തുന്ന കള്ളപ്രചാരണത്തിനെതിരെ ബഹുജന കൂട്ടായ്മ വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന് സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്തു.