ചെന്നൈ> ഇന്ത്യയും ബംഗ്ലാദേശുമായുള്ള രണ്ട് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയ്ക്ക് തുടക്കം. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിംഗിനയച്ചു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി നാല് മാസത്തിനിടെ 10 ടെസ്റ്റാണ് രോഹിത് ശർമയും കൂട്ടരും കളിക്കുന്നത്. ഇതിന്റെ തുടക്കംകൂടിയാണ് ബംഗ്ലാദേശ് പരമ്പര. പുതിയ പരിശീലകൻ ഗൗതം ഗംഭീറിന് കീഴിലെ ആദ്യ ടെസ്റ്റ് പരമ്പരകൂടിയാണിത്. സ്വന്തംതട്ടകത്തിൽ ഒരു പതിറ്റാണ്ടായി ആധികാരിക പ്രകടനമാണ് ഇന്ത്യയുടേത്. 2013 മുതൽ കളിച്ച 44 ടെസ്റ്റിൽ നാൽപ്പതിലും ജയിച്ചു. വിജയത്തുടർച്ചയാണ് ഇത്തവണയും ലക്ഷ്യം.
ലോക ടെസ്റ്റ് ചാമ്പ്യൻമാരാകാനുള്ള മോഹവുമുണ്ട്. കഴിഞ്ഞ രണ്ടുതവണയും ഫൈനലിൽ കാലിടറിയിരുന്നു.
ബംഗ്ലാദേശിനെതിരെ പ്രഗൽഭരെല്ലാം കളിക്കും. രോഹിതിനൊപ്പം വിരാട് കോഹ്ലിയും ലോകേഷ് രാഹുലും ബാറ്റിങ് നിരയിലെ നെടുംതൂണുകളാകും. യുവതുർക്കികളായ യശ്വസി ജയ്സ്വാളും സർഫ്രാസ് ഖാനുമെല്ലാം ടീമിലുണ്ട്. ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ എന്നിവർ സ്പിന്നർമാരായെത്തും. ജസ്പ്രീത് ബുമ്രയാണ് പേസ്നിര നയിക്കുന്നത്.
പാകിസ്ഥാനെതിരെ രണ്ട് മത്സരപരമ്പര തൂത്തുവാരിയാണ് ബംഗ്ലാദേശ് എത്തുന്നത്. നജ്മുൾ ഹുസൈൻ ഷാന്റോയാണ് ക്യാപ്റ്റൻ. ലിറ്റൺ ദാസ്, ഷാക്കിബ് അൽഹസൻ തുടങ്ങിയവരെല്ലാം ടീമിലുണ്ട്. ഇന്ത്യക്കെതിരെ ഇതുവരെ ടെസ്റ്റ് ജയിക്കാൻ കഴിഞ്ഞിട്ടില്ല.