ജയ്പുർ> രാജസ്ഥാനിലെ ദൗസയിൽ രണ്ടര വയസ്സുകാരി കുഴൽക്കിണറിൽ വീണ സംഭവത്തിൽ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് നീരു എന്ന രണ്ടരവയസ്സുകാരി കിണറ്റിൽ വീണ സംഭവം പുറത്തറിയുന്നത്. 35 അടി താഴ്ചയിലാണ് കുട്ടി കുടുങ്ങിക്കിടക്കുന്നതെന്ന് അധികൃതർ പറഞ്ഞു. വീടിന് സമീപത്തെ കൃഷിയിടത്തില് കളിക്കുന്നതിനിടെയാണ് കുഴൽക്കിണറിൽ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളെല്ലാം ആരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. നിലവിൽ ജെസിബി ഉപയോഗിച്ച് സമീപപ്രദേശങ്ങളിലെ മണ്ണ് നീക്കാൻ ആരംഭിച്ചിട്ടുണ്ട്.
കുട്ടിക്ക് ഓക്സിജൻ ലഭ്യത ഉറപ്പുവരുത്തുന്നുണ്ട്. കുഴിയിൽ കാമറ സ്ഥാപിച്ച് പൈപ്പ് വഴിയാണ് ഓക്സിജൻ എത്തിക്കുന്നതെന്ന് ബന്ദികുയി എസ്ഐ പ്രേംചന്ദ് പറഞ്ഞു. പ്രദേശത്ത് ഇരുട്ടായതും മഴയും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. കുഴിയിൽ മഴവെള്ളം കയറാതിരിക്കാൻ ടെന്റ് കെട്ടിയാണ് രക്ഷാപ്രവർത്തനം. എസ്ഡിആർഎഫ്, എൻഡിആർഎഫ് സംഘങ്ങളുടെ സഹായവും രക്ഷാപ്രവർത്തനത്തിനായി ലഭ്യമാക്കിയിട്ടുണ്ട്.