ന്യൂഡൽഹി> നിയുക്ത ഡല്ഹി മുഖ്യമന്ത്രി അതിഷിയ്ക്കെതിരായി വിവാദ പരാമർശവുമായി എഎപി എംപി സ്വാതി മലിവാൾ. പാര്ലമെന്റ് ആക്രമണക്കേസ് പ്രതിയായ അഫ്സല് ഗുരുവിനെ വധശിക്ഷയില്നിന്ന് രക്ഷിക്കാന് പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള് എന്നായിരുന്നു സ്വാതിയുടെ വിമര്ശനം.
സ്വാതിയുടെ വിമര്ശനത്തിന് പിന്നാലെ എ.എ.പിയുടെ മുതിര്ന്ന നേതാവ് ദിലീപ് പാണ്ഡേ രംഗത്തെത്തി. എ.എ.പിയുടെ എം.പിയായി പാര്ലമെന്റില് എത്തിയ സ്വാതി ബി.ജെ.പിയുടെ തിരക്കഥ വായിക്കുകയാണെന്ന് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വാതിക്ക് രാജ്യസഭയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത് എ.എ.പിയില്നിന്നാണ്. പ്രതികരിക്കാനുള്ള തിരക്കഥ ബി.ജെ.പിയില്നിന്ന് കൈപ്പറ്റുകയാണ് . അവര്ക്ക് അല്പമെങ്കിലും നാണമുണ്ടെങ്കില് രാജ്യസഭ എം.പി. സ്ഥാനം രാജിവെക്കണം. ബി.ജെ.പി. ടിക്കറ്റില് രാജ്യസഭയിലേക്കുള്ള വഴി കണ്ടെത്തണം. അവര് രാജ്യസഭയിലിരിക്കാന് ആഗ്രഹിക്കുന്നെങ്കില് ബി.ജെ.പിയില്നിന്ന് ടിക്കറ്റ് സ്വീകരിക്കണം, പാണ്ഡേ പറഞ്ഞു.
അതിഷിയെ പോലൊരു സ്ത്രീ ഡല്ഹിയുടെ മുഖ്യമന്ത്രിയാകാന് പോകുന്നു. ഭീകരവാദിയായ അഫ്സല് ഗുരുവിനെ വധശിക്ഷയില്നിന്ന് രക്ഷിക്കാന് സുദീര്ഘപോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ നമുക്കെല്ലാം അറിയാം, അവര് ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്ന്. എന്നിരുന്നാലും ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം അവര് മുഖ്യമന്ത്രിയാകും. ഇത് രാജ്യത്തിന്റെയും ഒപ്പം ഡല്ഹിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്നിന്ന് ഡല്ഹിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ എന്നായിരുന്നു സാമൂഹിക മാധ്യമത്തില് പങ്കുവെച്ച വീഡിയോയിലൂടെ സ്വാതി പറഞ്ഞത്.