ന്യൂഡൽഹി > ബുൾഡോസർ രാജിനെതിരെ വിധി പുറപ്പെടുവിച്ച് സുപ്രീംകോടതി. അനുമതിയില്ലാതെ ഒക്ടോബർ ഒന്ന് വരെ ഇടിച്ച് നിർത്തലുകളെല്ലാം നിർത്തിവയ്ക്കണമെന്ന് വിധിയിലൂടെ സുപ്രീംകോടതി ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുയർന്ന പരാതി കേൾക്കവെയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. ഒക്ടോബർ ഒന്നിനാണ് കോടതി ഈ കേസിൽ തുടർ വാദം കേൾക്കുക.
ബി ആർ ഗവായ്, കെ വി വിശ്വനാഥൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. പൊളിച്ചുമാറ്റലുകൾ ഒന്നും പാടില്ല. പൊതു റോഡുകൾ, നടപ്പാതകൾ, റെയിൽവേ ലൈനുകൾ അല്ലെങ്കിൽ മറ്റ് പൊതു ഇടങ്ങൾ (ജലാശയങ്ങൾ പോലുള്ളവ) എന്നിവടങ്ങളിലെ കയ്യേറ്റങ്ങൾക്ക് ഈ ഉത്തരവ് ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.
കേസിൽ അകപ്പെടുന്നവരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ഇടിച്ചു നിരത്തുന്നത് പതിവായ സാഹചര്യമായിരുന്നു. ബി ജെ പി സർക്കാരുകൾ ബുൾഡോസർ രാജ് നടപ്പാക്കുകയാണ് എന്ന വിമർശനവും ശക്തമായി. നേരത്തെയും ഒരു കേസ് പരിഗണിക്കവെ ബുൾഡോസർ രാജിനെതിരെ സുപ്രീം കോടതി താക്കീത് നൽകിയിരുന്നു.