ചെന്നൈ> തമിഴ്നാട്ടിലെ ശ്രീ പെരുമ്പത്തൂർ പ്ലാൻ്റിൽ പണിമുടക്കിയതിന്റെ പേരിൽ അറസ്റ്റിലായ സാംസങ് തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സിഐടിയു. സമരം ആസൂത്രണം ചെയ്തതിന്റെ പേരിൽ 100ലധികം ജീവനക്കാരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് അടിയന്തരമായി ഇടപെടാൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനോട് സിഐടിയു ആവശ്യപ്പെടുകയും ചെയ്തു.
കൂലിവർദ്ധന, തൊഴിൽസമയം പുനക്രമീകരിക്കുക എന്നീ ആവശ്യങ്ങളുമായി നൂറുകണക്കിന് സാംസങ് ഇലക്ട്രോണിക്സ് ജീവനക്കാർ സെപ്തംബർ 10 മുതൽ പ്രതിഷേധിച്ച് വരികയായിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ കാര്യമായ പങ്കുവഹിക്കുന്ന കമ്പനിയാണ് സാംസങ്. സാംസങ്ങിൻ്റെ വാർഷിക വരുമാനമായ 12 ബില്യൺ ഡോളറിൻ്റെ മൂന്നിലൊന്നും ലഭിക്കുന്നത് ഈ കമ്പനിയിൽ നിന്നാണ്.
ഫാക്ടറിയിൽ സംഘടനാ വിലക്ക് എന്ന അപ്രഖ്യാപിത നിയമത്തിലൂടെ തൊഴിലാളികളുടെ ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും സിഐടിയു പറഞ്ഞു.
സാംസംഗ് ഇന്ത്യ ശ്രീപെരുമ്പത്തൂർ പ്ലാൻ്റിലെ മൊത്തം 1723 തൊഴിലാളികളിൽ 90% പേരും ഇന്ന് എട്ടാം ദിവസമായ പണിമുടക്കിലാണ്. അവരുടെ കൂട്ടായ്മയ്ക്കുള്ള അവകാശം, വിലപേശലിനുള്ള അവകാശം, ഭൂരിപക്ഷ യൂണിയനുമായി മാനേജ്മെൻ്റ് ഫലപ്രദമായ ചർച്ച ആരംഭിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
സംഘടനാ വിലക്ക് നയം ഉപയോഗിച്ച് തൊഴിലാളികളുടെ ഈ ജനാധിപത്യ അവകാശങ്ങളെല്ലാം തടയാൻ ശ്രമിക്കുകയാണ് സാംസങ് മാനേജ്മെന്റ്. കൂടാതെ ട്രേഡ് യൂണിയൻ ആക്ട് – 1926, വ്യാവസായിക തർക്ക നിയമം – 1947 എന്നിവയ്ക്കൊപ്പം ഐഎൽഒ കൺവെൻഷനുകളിലെ 87, 98, ഇൻ്റർനാഷണൽ ലേബർ സ്റ്റാൻഡേർഡ് എന്നിവ നൽകുന്ന അവകാശങ്ങൾ നഗ്നമായി ലംഘിക്കുകയാണ്. സിഐടിയു പറഞ്ഞു.