ചെന്നൈ > ഉത്തരക്കടലാസ് മൂല്യനിർണയത്തിന് നിർമിത ബുദ്ധി (എഐ) ഉപയോഗിക്കാൻ ഒരുങ്ങി തമിഴ്നാട്ടിലെ സർവകലാശാലകൾ. അധ്യാപകർ മൂല്യ നിർണയം നടത്തുന്നതിന് പകരമാണ് എഐ ഉപയൊഗിക്കുന്നത്. ഇതിലൂടെ സമയനഷ്ടം ഒഴിവാക്കാനും കൂടുതൽ കൃത്യത ഉറപ്പു വരുത്താനും സാധിക്കുമെന്ന് തമിഴ്നാട്ടിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് കരുതുന്നു.
ഉത്തരക്കടലാസുകൾ മൂല്യ നിർണയം ചെയ്യുന്നതിനോടൊപ്പം മാർക്കുകൾ, ഗ്രേഡുകൾ എന്നിവ നൽകാനും പുതിയ എഐ സംവിധാനത്തിന് സാധിക്കും. ഉത്തരക്കടലാസുകൾ സ്കാൻ ചെയ്ത് എഐ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യും. തെരഞ്ഞെടുത്ത് എഴുതേണ്ട് ഉത്തരങ്ങൾക്ക് പുറമേ വിവരണാത്മക ഉത്തരങ്ങൾ മൂല്യനിർണയം ചെയ്യാനും ഈ പുതിയ സംവിധാനത്തിന് സാധിക്കും.
കുറഞ്ഞത് അര മണിക്കൂറെങ്കിലും ഒരു ഉത്തരക്കടലാസ് മൂല്യനിർണയം ചെയ്യുന്നതിന് വേണ്ടി അധ്യാപകർക്ക് ആവശ്യമാണ്. എന്നാൽ എഐ ആയിരത്തിലേറെ ഉത്തരക്കടലാസുകൾ ഒരു മിനിറ്റിനുള്ളിൽ പരിശോധിക്കും. ഉത്തരക്കടലാസുകൾ മൂല്യനിർണയം ചെയ്യേണ്ട ജോലി എഐ ഏറ്റെടുക്കുന്നതോടെ അധ്യാപകരുടെ ജോലിഭാരം കുറയുകയും മറ്റ് തയ്യാറെടുപ്പുകൾക്ക് സമയം ലഭിക്കുകയും ചെയ്യും.