അമരാവതി > ആന്ധ്രപ്രദേശിൽ ട്രക്കും സർക്കാർ ബസും കൂട്ടിയിടിച്ച് 8 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ചിറ്റൂർ- ബംഗളൂരു ദേശീയപാതയിലായിരുന്നു അപകടം. തിരുപ്പതിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന ആന്ധ്രാപ്രദേശ് റീജനൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസാണ് ലോറിയുമായി കൂട്ടിയിടിച്ചത്.
ബസിന്റെ പിന്നിലേക്കും മറ്റൊരു ട്രക്ക് ഇടിച്ചുകയറി. തിരുപ്പതി തിരുമല ക്ഷേത്ര ദർശനം കഴിഞ്ഞ ബംഗളൂരുവിലേക്ക് മടങ്ങുന്നവരായിരുന്നു ബസിലെ യാത്രക്കാർ മുഴുവൻ. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. അപകടത്തിൽ മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നു പൊലീസ് വ്യക്തമാക്കി.