ന്യൂഡൽഹി > മദ്യനയ കേസിൽ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തത് കൊണ്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നൽകിയ ജാമ്യപേക്ഷയിൽ സുപ്രീംകോടതി വെള്ളിയാഴ്ച വിധി പറയും. മദ്യനയക്കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്ത തീരുമാനത്തെ ചോദ്യം ചെയ്ത് കൊണ്ട് ആഗസ്ത് അഞ്ചിന് ഡൽഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധി ചോദ്യം ചെയ്ത് കൊണ്ടാണ് കെജ്രിവാൾ സുപ്രീം കോടതിയിൽ ഹർജി നൽകിയത്.
കെജ്രിവാളിന്റെ ജാമ്യ ഹർജിയിൽ സെപ്തംബർ അഞ്ചിന് വാദം കേട്ട സുപ്രീംകോടതി വിധി മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. ഇഡി കസ്റ്റഡിയിലായിരുന്ന കെജ്രിവാളിനെ സിആർപിസി 41 എ പ്രകാരം ചോദ്യംചെയ്യാൻ അനുവാദം വാങ്ങിയ ശേഷം സിബിഐ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് അഭിഭാഷകൻ മനു അഭിഷേക്സിങ്വി അന്ന് സുപ്രീംകോടതിയിൽ ചൂണ്ടിക്കാട്ടി. സിആർപിസി 41 എയിൽ അറസ്റ്റ് ആവശ്യമില്ലാത്ത ചോദ്യംചെയ്യലിനാണ് അധികാരം നൽകുന്നത്. ഇഡി കേസിൽ ജാമ്യം ലഭിച്ചാലും കെജ്രിവാള് പുറത്തിറങ്ങരുതെന്ന നിർബന്ധബുദ്ധിയോടെയായിരുന്നു സിബിഐ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
‘ഇഡി കസ്റ്റഡിയിലായിരുന്ന ഒരാളെ വീണ്ടും അറസ്റ്റ് ചെയ്യുംമുമ്പ് കോടതിയുടെ അനുമതി തേടേണ്ടതായിരുന്നു. സിആർപിസിയിൽ ഇതുസംബന്ധിച്ച കാര്യങ്ങൾ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്’–- ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്വൽഭുയാൻ എന്നിവർ അംഗങ്ങളായ വാദം കേട്ടതിന് ശേഷം ബെഞ്ച് നിരീക്ഷിച്ചു. ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട പിഎംഎൽഎ കേസിൽ ഇഡി മാർച്ച് 21നാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയില് ഇരിക്കെ ജൂൺ 26ന് സിബിഐയും അറസ്റ്റ് രേഖപ്പെടുത്തി.