എരുമേലി > നഗരത്തിന്റെ അലമുറകളിൽ നിന്നെല്ലാം അകന്ന് സുരക്ഷിതമായൊരു വനപ്രദേശത്ത് തണുത്ത കാറ്റേറ്റ് ശാന്തമായൊന്നിരിക്കണോ? മേമ്പൊടിക്ക് ഒരു വെള്ളച്ചാട്ടവും പാറകളിൽ തട്ടി തുള്ളിത്തുളുമ്പി ഒഴുകുന്ന അരുവിയുംകൂടി ഉണ്ടെങ്കിലോ? ഒറ്റകാഴ്ചയിൽ മനസിനെ തളച്ചിടുന്ന ഒരിടമുണ്ട് എരുമേലി കനകപ്പലത്ത്. നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന അഞ്ചുകുഴി.
അതിമനോഹരമായ ഒരു അരുവിയും അത് കടന്നെത്തിയാൽ ഒരു ചെറിയ ക്ഷേത്രവും അതിനോടനുബന്ധിച്ച ചെറുവനവും. ഇവയെല്ലാം ചേർന്ന് സൃഷ്ടിക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത, സമാനതകളില്ലാത്ത അനുഭൂതിയാണ്. ചെറുവള്ളി എസ്റ്റേറ്റിനുള്ളിലാണ് അഞ്ചുകുഴി സ്ഥിതി ചെയ്യുന്നത്. മണിമലയാറിന്റെ കൈവഴിയിലാണ് അഞ്ചുകുഴി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കുതിച്ചൊഴുകുന്ന അരുവി കടന്നെത്തിയാൽ പഞ്ചതീർത്ഥ പരാശക്തി ദേവസ്ഥാനമുണ്ട്, അതിനു മുകളിലായി പഞ്ചവനവും. ഭക്തജനങ്ങളെയും സഞ്ചാരികളെയും ഒരുപോല ആകർഷിക്കുന്ന ഇടമാണ് അഞ്ചുകുഴി. ഇൻസ്റ്റഗ്രാം റീൽസിലും മറ്റും വൈറലായതോടെ നിരവധി ആളുകളാണ് ഇവിടെയെത്തുന്നത്.
ചേനപ്പാടി ദേവസ്വത്തിനു കീഴിലാണ് ക്ഷേത്രമുള്ളത്, ക്ഷേത്രത്തോടു ചേർന്നും, കുറച്ചു മുകളിലായും വെള്ളച്ചാട്ടം കാണാനാകും. ഇരുവശങ്ങളിലും നടപ്പാതയും അരുവിയ്ക്കു കുറുകെ നടപ്പാലവും സ്ഥാപിച്ചിട്ടുണ്ട്. എരുമേലി കെഎസ്ആർടിസി ബസ്സ്റ്റാൻഡിനു മുൻ വശത്തുനിന്നും ആരംഭിക്കുന്ന എരുമേലി–കരിമ്പിൻതോട് റോഡിൽ കനകപ്പലം എംടി ഹൈസ്കൂളിനു സമീപമുള്ള റോഡിൽ കൂടി രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഇവിടെയെത്താം. മണിമല – ചേനപ്പാടി – എരുമേലി റോഡിൽ കാരിത്തോടിൽനിന്ന് ബിസി ചെറുവള്ളി എസ്റ്റേറ്റ് റോഡിൽ കൂടിയും ഇവിടെയെത്താനാകും.