ന്യൂഡൽഹി
മണിപ്പുർ കലാപത്തോടെ സംസ്ഥാന പൊലീസ് കുക്കി, മെയ്ത്തി വിഭാഗങ്ങളായി വിഭജിക്കപ്പെട്ടെന്ന് മുൻ അസം റൈഫിൾസ് ഡയറക്ടർ ജനറൽ ലഫ്റ്റനൻ്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ. ഗോത്രവർഗ ഗ്രൂപ്പുകളെ പിണക്കിയാൽ കുടുംബത്തിന് ആപത്ത് വരുമെന്ന് പൊലീസുകാർ ഭയക്കുന്നു. അസം റൈഫിൾസിനോട് മെയ്ത്തി വിഭാഗത്തിന് മുന്നേതന്നെ വിദ്വേഷമുണ്ട്.
താഴ്വര കേന്ദ്രീകരിച്ചിരുന്ന സായുധ സംഘങ്ങൾക്കെതിരെയുള്ള ഓപ്പറേഷനുകളാണ് കാരണം. മെയ്ര പെയ്ബികൾ സൈനികവാഹനം തടയുന്നു. കമാൻഡിങ് ഓഫീസനെ പിടിച്ചുതള്ളുന്നു. ഇവിടെയല്ലാതെ മറ്റൊരു രാജ്യത്തും സംഭവിക്കില്ല. കുക്കി വിമതരോട് അസം റൈഫിൾസിന് ചായ്വില്ല. നിരവധി കുക്കി വിമതരെ ആയുധം സഹിതം അസം റൈഫിൾസ് പിടികൂടി പൊലീസിന് കൈമാറിയിട്ടുണ്ട്–- ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
കുക്കി വിമതർ ഡ്രോണുകളോ ലോങ് റേഞ്ച് മിസൈലുകളോ ഉപയോഗിച്ച് ആക്രമണം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ, മ്യാന്മർ രാജ്യങ്ങളിലെ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിപ്പിക്കുന്നത്. സൈനിക വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. 2021ൽ അസം റെഫിൾസ് മേധാവിയായ പി സി നായർ ഈ വർഷം ജൂലൈ 31നാണ് വിരമിച്ചത്. അതേസമയം, പൊലീസ് കുക്കി, മെയ്ത്തി വിഭാഗങ്ങളായി ഭിന്നിച്ചെന്ന ആരോപണം തെറ്റാണെന്ന് മണിപ്പുർ ഐജി ഐകെ മുവ പറഞ്ഞു.