കൊൽക്കത്ത > ആർ ജി കർ മെഡിക്കൽ കോളേജിൽ പിജി ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കുറ്റവാളികളെ സംരക്ഷിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനമായ ലാൽബസാറിലേക്ക് സിപിഐ എം വമ്പൻ മാർച്ച് സംഘടിപ്പിച്ചു. പൊലീസ് കമ്മീഷണർ രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ മാർച്ചിൽ നൂറുകണക്കിനുപേർ അണിനിരന്നു.
സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം പിബി അംഗം സൂര്യകാന്ത മിശ്ര, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി മീനാക്ഷി മുഖർജി എന്നിവർ സംസാരിച്ചു.
കൊലപാതകം നടന്ന് ഒരു മാസം പൂർത്തിയായ സെപ്തംബർ ഒൻപതിന് രാത്രി ഒമ്പതിന് 9 മിനറ്റുനേരം വൈദ്യുതി വിളക്കുകൾ അണച്ച് ഇടതുമുന്നണി, ബഹുജന സംഘടനാ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു.
25 രാജ്യങ്ങളിൽ പ്രതിഷേധം
കൊൽക്കത്തയില് ജൂനിയർ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ ലോകവ്യാപക പ്രതിഷേധം. ഞായറാഴ്ച 25 രാജ്യങ്ങളിലെ 130 നഗരങ്ങളിൽ ഇന്ത്യൻ പൗരരും ഇന്ത്യൻ വംശജരും പ്രതിഷേധിച്ചു. ജപ്പാൻ, ഓസ്ട്രേലിയ, സിംഗപൂർ എന്നിവിടങ്ങളിലും യൂറോപ്യൻ രാജ്യങ്ങളിലും വ്യാപക പ്രതിഷേധങ്ങളുണ്ടായി. അമേരിക്കയിൽ മാത്രം 60 ഇടത്താണ് ജനങ്ങൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചത്. ഇരയ്ക്ക് എത്രയും വേഗം നീതി ലഭ്യമാക്കണമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും പ്രക്ഷോഭകർ ആവശ്യപ്പെട്ടു. സ്വീഡൻ തലസ്ഥാനം സ്റ്റോക്ക്ഹോമിൽ കറുത്ത വസ്ത്രമണിഞ്ഞാണ് സ്ത്രീകൾ പ്രതിഷേധത്തിന് എത്തിയത്.