കണ്ണൂർ> സിപിഐ എമ്മിനെ ഒറ്റതിരിഞ്ഞ് കടന്നാക്രമിച്ച് ഇല്ലാതാക്കാനുള്ള കമ്യൂണിസ്റ്റുവിരുദ്ധരുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും ശ്രമത്തിന് മുന്നിൽ പാർടി മുട്ടുമടക്കില്ലെന്ന് പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. സംഘപരിവാർ പിന്തുണയോടെ കമ്യൂണിസ്റ്റ് പാർടിയെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും കണ്ണൂർ പയ്യാമ്പലത്തും കമ്പിലും ചടയൻ ഗോവിന്ദൻ അനുസ്മരണ പൊതുയോഗം ഉദ്ഘാടനംചെയ്ത് വിജയരാഘവൻ പറഞ്ഞു.
പാവപ്പെട്ടവന്റെ പാർടിയുടെ അടിവേരറുക്കാൻ ആരെയും അനുവദിക്കില്ല. വ്യാജപ്രചാരണങ്ങളിലൂടെ സിപിഐ എമ്മിൽ ഭിന്നിപ്പുണ്ടാക്കാനുുള്ള ശ്രമം വിജയിക്കില്ല. ബിജെപിയുമായി വോട്ടുകച്ചവടം നടത്താത്ത ഏതെങ്കിലും കോൺഗ്രസ് നേതാവുണ്ടോ. സിപിഐ എമ്മിന് ബിജെപിയുമായി അന്തർധാരയുണ്ടെന്ന് പ്രചരിപ്പിക്കുന്ന കോൺഗ്രസും മാധ്യമങ്ങളും മലർന്നുകിടന്ന് തുപ്പുകയാണ്. വിമോചനസമരകാലംമുതൽ സംഘപരിവാറും കോൺഗ്രസും മുസ്ലിംലീഗും ഐക്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഭൂരിപക്ഷ വർഗീയതയുടെ പ്രചാരകരായ ആർഎസ്എസ്സും ന്യൂനപക്ഷ വർഗീയതയുടെ വക്താക്കളായ ലീഗും ജമാഅത്തെ ഇസ്ലാമിയും കോൺഗ്രസുമായി സഖ്യത്തിലാണ്. കേരളത്തിൽ ഇടതുപക്ഷത്തിന്റെ തുടർഭരണം ഇവരുടെ ഉറക്കംകെടുത്തുകയുമാണ്.
ജനോപകാരപ്രദമായ പ്രവർത്തനങ്ങളുമായാണ് സംസ്ഥാന സർക്കാർ മുന്നോട്ടുപോകുന്നത്. കേരളത്തിന്റെ മതനിരപേക്ഷ അടിത്തറയ്ക്ക് കോട്ടംതട്ടുന്നത് ആശങ്കയുണർത്തുന്നു. പുരോഗമന മൂല്യബോധത്തെ തകർക്കുംവിധമാണ് വർഗീയതയുടെ കടന്നുകയറ്റം. ഇതിനെ ചെറുത്തുതോൽപ്പിക്കാൻ കമ്യൂണിസ്റ്റ് പാർടിക്കുമാത്രമേ കഴിയൂ.
മണിപ്പുരിൽ റോക്കറ്റുപയോഗിച്ച് ആഭ്യന്തരയുദ്ധം നടക്കുന്നതുപോലും വലതുപക്ഷ മാധ്യമങ്ങൾക്ക് വാർത്തയല്ല. ബിജെപിയുടെമുന്നിൽ മുട്ടുവിറയ്ക്കുന്നതാണ് ഇവരുടെ മാധ്യമപ്രവർത്തനം. ആർഎസ്എസ് നേതാവിനെ എഡിജിപി കണ്ടത് 16 മാസം മുമ്പാണ്. ഇത്രയുംകാലം മാധ്യമങ്ങൾക്ക് എന്തായിരുന്നു ജോലിയെന്നും വിജയരാഘവൻ ചോദിച്ചു.
ചർച്ചയ്ക്ക് പൊലീസിനെ നിയോഗിക്കേണ്ട ഗതികേടില്ല
രാഷ്ട്രീയ ചർച്ചയ്ക്ക് സിപിഐ എം പൊലീസുകാരെ നിയോഗിക്കുമെന്ന് പ്രചരിപ്പിക്കുന്നവർ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവൻ. അത്തരം ഗതികേട് പാർടിക്കില്ല. ആർഎസ്എസ് നേതാവിനെ എഡിജിപി കണ്ടതിൽ പാർടിക്ക് ബന്ധമില്ല. എഡിജിപിയുടെ ഭാഗത്ത് വീഴ്ചയുണ്ടോയെന്ന് സർക്കാർ പരിശോധിക്കും. ഭരണനിർവഹണം നടത്തുന്നത് സർക്കാരാണ്. നയപരമായ കാര്യങ്ങളാണ് പാർടി തീരുമാനിക്കുന്നത്. സമൂഹം അംഗീകരിച്ച നയമാണ് സർക്കാർ നടപ്പാക്കുന്നത്. സർക്കാരിനുമുന്നിൽ വരുന്ന വിഷയങ്ങളിൽ കൃത്യമായ നിലപാടെടുത്താണ് മുന്നോട്ടുപോകുന്നത്. അതിനുള്ള കരുത്ത് മുഖ്യമന്ത്രിക്കുണ്ട്. സിപിഐ പറഞ്ഞത് അവരുടെ അഭിപ്രായമാണ്. സിപിഐ എമ്മിനെതിരെ നിരന്തരം വ്യാജവാർത്തകൾ സൃഷ്ടിക്കുകയാണെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.