ചെന്നൈ > വീട്ടുജോലികൾ ചെയ്യാനായി ജയിലിലെ തടവുകാരെ ഉപയോഗിച്ച പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. ഡിഐജി ആർ രാജലക്ഷ്മി, രാജലക്ഷ്മിയുടെ പേഴ്സണൽ സെക്യൂരിറ്റി ഓഫീസറായ രാജു, ജയിൽ അഡീഷണൽ സൂപ്രണ്ട് എ അബ്ദുൾ റഹ്മാൻ, ജയിലർ അരുൾ കുമരൻ എന്നിവർക്കും പത്ത് കോൺസ്റ്റബിൾമാർക്കുമെതിരെയാണ് കേസ്. ബിഎൻഎസ് സെക്ഷൻ 49, 115(2), 118(2), 127(8), 146 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. മദ്രാസ് ഹൈക്കോടതി ജസ്റ്റിസുമാരായ എസ് എം സുബ്രഹ്മണ്യം, ജസ്റ്റിസ് വി ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പ്രകാരമാണ് കേസെടുത്തത്. വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ജി രാധാകൃഷ്ണന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജീവപര്യന്തം തടവുകാരനായ എസ് ശിവകുമാറിനെക്കൊണ്ട് വെല്ലൂർ റേഞ്ച് ജയിൽ ഡിഐജി ആർ രാജലക്ഷ്മിയുടെ വീട്ടുജോലികൾ ചെയ്യിച്ചുവെന്നാണ് കേസ്. കൂടാതെ വീട്ടിൽ നിന്ന് 4 ലക്ഷം രൂപ മോഷ്ടിച്ചെന്നാരോപിച്ച് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നു മാസത്തോളമായി ശിവകുമാറിനെ ഒറ്റയ്ക്കാണ് തടവിൽ പാർപ്പിച്ചിരുന്നത്. ഇയാളെ ഹൈക്കോടതി ഉത്തരവ് പ്രകാരം സേലം സെൻട്രൽ പ്രിസണിലേക്ക് മാറ്റി. കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.