അബുദാബി > അബുദാബി പൊലീസും അബുദാബി പരിസ്ഥിതി ഏജൻസിയും ധാരണാപത്രത്തിൽ ഒപ്പ് വച്ചു. എമിറേറ്റിലെ പരിസ്ഥിതി സംരക്ഷണത്തിന് വേണ്ടിയുള്ളതാണ് ധാരണ പത്രം. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും അവബോധം വളർത്തുന്നതിനുമുള്ള നിയമനിർമ്മാണം നടപ്പിലാക്കുന്നതിനും ഇരു വിഭാഗവും ഒരുമിച്ച് പ്രവർത്തിക്കും.
അബുദാബി പൊലീസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മക്തൂം അലി അൽ ഷരീഫിയും അബുദാബി പരിസ്ഥിതി ഏജൻസി സെക്രട്ടറി ജനറൽ ഡോ. ഷൈഖ സലേം അൽ ദഹേരിയുമാണ് നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ധാരണപത്രത്തിൽ ഒപ്പ് വച്ചത്. വിവിധ സർക്കാർ ഏജൻസികളുമായുള്ള സഹകരണവും പങ്കാളിത്തവും വർദ്ധിപ്പിക്കാൻ തീരുമാനിച്ചു. പരിസ്ഥിതി സംരക്ഷണ മേഖലയിൽ കൂടുതൽ കാര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു സംവിധാനം സ്ഥാപിക്കാനും തീരുമാനിച്ചു.
പ്രധാന പാരിസ്ഥിതിക വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുമായി ഇരു വിഭാഗങ്ങളും തമ്മിൽ ഒരു സംയുക്ത പ്ലാറ്റ്ഫോം സ്ഥാപിക്കും. പാരിസ്ഥിതിക നിയമങ്ങളെക്കുറിച്ചും അവയുടെ ലംഘനങ്ങളെക്കുറിച്ചും ബോധവൽക്കരണ പരിപാടികളിലൂടെ പൊതുജനങ്ങളെ ബോധവൽക്കരിക്കാനും പദ്ധതിയുണ്ട്.