മുംബൈ > ഇന്ത്യയും ഒമാനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന് മുന്നോടിയായി ഒമാന്റെ വാണിജ്യ, വ്യവസായ മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം ഇന്ത്യ സന്ദർശിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയലുമായും ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, വ്യവസായം, നിക്ഷേപം എന്നീ മേഖലകളിൽ സംയുക്ത സഹകരണം വർദ്ധിപ്പിക്കുന്നതിനും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള മാർഗങ്ങൾ സന്ദർശന വേളയിൽ പ്രതിനിധി സംഘം ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണവും നിക്ഷേപവും വർധിപ്പിക്കുക, ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സി ഇ പി എ) എന്നിവ ചർച്ചയുടെ ഭാഗമായി.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നേതൃത്വത്തിന് കീഴിൽ നിക്ഷേപം, ലോജിസ്റ്റിക് സ്, വിവര സാങ്കേതികം തുടങ്ങിയ മേഖലകളിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ട് രാജ്യത്തെ നിയമനിർമാണങ്ങളിൽ ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തി. അതോടൊപ്പം രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ വലിയ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നും മുഹമ്മദ് അൽ യൂസഫ് പറഞ്ഞു. ഒമാൻ പ്രതിനിധി സംഘത്തിന്റെ ഇന്ത്യ സന്ദർശനം ഇരു രാജ്യങ്ങൾക്കും നേട്ടങ്ങൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചലച്ചിത്ര നിർമ്മാണം, കല, സാംസ്കാരികം, ഇവന്റ് ഓർഗനൈസേഷൻ, ടൂറിസം തുടങ്ങിയ വ്യവസായങ്ങളിലെ നിരവധി ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളുമായും ഒമാനി പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തി. ഒമാൻ വിദേശ വ്യാപാര, വാണിജ്യ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് പങ്കജ് ഖിംജി, വാണിജ്യ, വ്യവസായ മന്ത്രാലയം, സാംസ്കാരിക, കായിക, യുവജന മന്ത്രാലയം എന്നിവയിൽ നിന്നുള്ള നിരവധി ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു.