ന്യൂയോർക്ക്
അറീന സബലേങ്കയുടെ മിന്നൽക്കുതിപ്പ് തുടരുന്നു. യുഎസ് ഓപ്പൺ ടെന്നീസ് വനിതാ സിംഗിൾസിൽ ബെലാറസുകാരി സെമിയിലെത്തി. പുരുഷ സിംഗിൾസിൽ അമേരിക്ക കുതിപ്പ് കാട്ടി. ഒമ്പതാംസീഡ് ബൾഗേറിയയുടെ ഗ്രിഗർ ദിമിത്രോവിനെ തോൽപ്പിച്ച് ഫ്രാൻസിസ് തിയാഫോയും നാലാംസീഡ് ജർമനിയുടെ അലെക്സാണ്ടർ സ്വരേവിനെ കീഴടക്കി ടെയ്ലർ ഫ്രിറ്റ്സും സെമിയിൽ കടന്നു.
രണ്ടാംറാങ്കുകാരിയായ സബലേങ്ക യുഎസ് ഓപ്പണിൽ ഒന്നാന്തരം പ്രകടനമാണ് പുറത്തെടുക്കുന്നത്. ഒളിമ്പിക്സ് ചാമ്പ്യനും ഏഴാംസീഡുമായ ചൈനയുടെ ഷെങ് ക്വിൻവെനിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു (6–-1, 6–-2). അമേരിക്കയുടെ എമ്മ നവാരോയാണ് സെമിയിലെ എതിരാളി. എമ്മ നവാരോ സ്പെയ്നിന്റെ പൗള ബഡോസയെയാണ് ക്വാർട്ടറിൽ മറികടന്നത് 6–-2, 7–-5).
പുരുഷവിഭാഗത്തിൽ പന്ത്രണ്ടാംസീഡായ ഫ്രിറ്റ്സ് നാല് സെറ്റ് പോരാട്ടത്തിലാണ് സ്വരേവിനെ മറികടന്നത് (7–-6, 3–-6, 6–-4, 7–-6). തിയാഫോയ്ക്കെതിരെ നാലാംസെറ്റിനിടെ ദിമിത്രോവ് പരിക്കുകാരണം പിന്മാറുകയായിരുന്നു.