തിരുവനന്തപുരം
സിനിമാ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചതിന് പിന്നാലെ ഉയർന്ന പരാതികളിൽ സംസ്ഥാനത്ത് 19 കേസ് രജിസ്റ്റർ ചെയ്തു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പ്രത്യേകാന്വേഷണ സംഘം കേസെടുത്തത്. മുൻനിര താരങ്ങൾ മുതൽ കെപിസിസി ഭാരവാഹിവരെയുള്ളവർ വിവിധ കേസുകളിൽ പ്രതികളാണ്. പരാതി ലഭിച്ചാൽ മുഖംനോക്കാതെ നടപടിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം അന്വർഥമാക്കുന്ന നടപടികളുമായാണ് പൊലീസ് മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി നൽകിയ ആത്മവിശ്വാസം, സിനിമാ മേഖലയിൽ പീഡനത്തിന് ഇരയായ വനിതകൾക്ക് കരുത്തായി. നിരവധിയാളുകളാണ് പരാതിയുമായി രംഗത്തെത്തിയത്.
രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും ക്രൈംബ്രാഞ്ച് എഡിജിപി എച്ച് വെങ്കിടേഷിന്റെ മേൽനോട്ടത്തിലുള്ള പ്രത്യേകാന്വേഷണ സംഘം തെളിവെടുപ്പടക്കം പൂർത്തിയാക്കി. മുഖം നോക്കാതെയുള്ള നടപടികളുമായാണ് മുന്നോട്ടുപോകുന്നത്. കുറ്റാരോപിതരുടെ മുൻകൂർ ജാമ്യാപേക്ഷയെ സർക്കാർ കോടതിയിലും എതിർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ട്
10ന് ഹൈക്കോടതിക്ക്
നൽകും: മന്ത്രി
ഹൈക്കോടതി ആവശ്യപ്പെട്ടപ്രകാരം ചൊവ്വാഴ്ച സീൽചെയ്ത കവറിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് നൽകുമെന്ന് മന്ത്രി സജി ചെറിയാൻ. ക്രിമിനൽ പ്രവർത്തനം ചെയ്തിട്ടുള്ളവർ ഒരുകാരണവശാലും രക്ഷപ്പെടില്ല. സിനിമ നയരൂപീകരണത്തിനായി സമിതി നൽകിയ കരട് റിപ്പോർട്ട് പരിശോധിച്ചുവരികയാണ്. അതിനുശേഷം നയരൂപീകരണസമിതിയിൽ ചിലമാറ്റം ഉണ്ടാകും. നയം രൂപീകരിക്കേണ്ടത് മന്ത്രിസഭയാണ്. കോൺക്ലേവിന്റെ തീയതി നിശ്ചയിച്ചിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഹേമ കമ്മിറ്റി ‘എഫക്ട് ’ തമിഴ്നാട്ടിലും
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപോർട്ട് ‘എഫക്ട് ’ തമിഴ് സിനിമയിലേക്കും. ലൈംഗികാതിക്രമ പരാതി തെളിഞ്ഞാൽ കുറ്റക്കാരെ അഞ്ചുവർഷം വിലക്കും.വിശാഖ കമ്മിറ്റി ശുപാർശയിൽ തമിഴ് സിനിമാ സംഘടനയായ നടികർ സംഘം 2019ൽ നിയമിച്ച സമിതി ബുധനാഴ്ച യോഗം ചേർന്നാണ് നടപടി പ്രഖ്യാപിച്ചത്. ചെന്നൈയിൽ ചേർന്ന യോഗത്തിൽ നടികർസംഘം പ്രസിഡന്റ് നാസർ അധ്യക്ഷനായി. ഫോണിലോ ഇ-മെയിൽ മുഖേനയോ സമിതിയ്ക്ക് പരാതി നൽകാനുള്ള സംവിധാനം തയ്യാറാക്കും. പരാതിക്കാർക്ക് നിയമപരിരക്ഷയും ഉറപ്പാക്കും. എന്നാൽ, പരാതി നൽകിയവർ വിവരം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കരുത്. ആരോപണ വിധേയർക്ക് ഉടൻ നോട്ടീസ് നൽകും. സിനിമാമേഖലയിലുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും പരാതിക്കാരെയും സമൂഹമാധ്യമം വഴി അപകീർത്തിപ്പെടുത്തിയാൽ നിയമ നടപടി സ്വീകരിക്കും. ഒരു അഭിഭാഷകനെ കൂടി സമിതിയിൽ ഉൾപ്പെടുത്താനും തീരുമാനമായി.
കന്നഡ ചലച്ചിത്രരംഗത്തും ഹേമ കമ്മിറ്റി മാതൃകയിൽ സമിതി രൂപീകരിക്കണമെന്ന് താരസംഘടനയായ ഫിലിം ഇൻഡസ്ട്രി ഫോർ റൈറ്റ്സ് ആൻഡ് ഇക്വാളിറ്റി മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ആവശ്യപ്പെട്ടു.